IndiaInternationalKeralaLatest

ലിബിയയില്‍ ഏഴ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി

“Manju”

സിന്ധുമോള്‍ . ആര്‍

ഡല്‍ഹി: ഏഴ് ഇന്ത്യാക്കാരെ ലിബിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ലിബിയയില്‍ ജോലിക്കുപോയ ഇന്ത്യാക്കാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ത്യക്കാരെ വിട്ടുനല്‍കാന്‍ ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായാണ് വിവരം. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാര്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍, ഡിയോറിയ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശി ഡല്‍ഹി പോലീസിന് ഓണ്‍ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മഹാരാജഗഞ്ചിലെ കോതി ഭാര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ബൈജ്‌നാഥ് പുര്‍ ഗ്രാമത്തിലെ താമസക്കാരനായ ലല്ലന്‍ പ്രസാദ് ആണ് പരാതി നല്‍കിയത്. ലിബിയയില്‍ ജോലി ചെയ്യുന്ന ബന്ധുവിന്റെ സഹോദരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.
ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുവാവ് കുശിനഗര്‍ നിവാസിയാണ്. ബന്ധു മുന്ന ചൗഹാനെ കൂടാതെ മറ്റ് ആറ് ഇന്ത്യക്കാരെയും തട്ടിക്കൊണ്ടുപോയതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ കമ്പനിയില്‍ നിന്ന് ഇരുപതിനായിരം ഡോളര്‍ മോചനദ്രവ്യം തീവ്രവാദികള്‍ ആവശ്യപ്പെടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
ഡല്‍ഹി ആസ്ഥാനമായുള്ള എന്‍‌ഡി എന്റര്‍പ്രൈസസ് ട്രാവല്‍ ഏജന്‍സി വഴി വെല്‍ഡിംഗ് തൊഴിലാളിയായാണ് മുന്ന ചൗഹാന്‍ 2019 സെപ്റ്റംബറില്‍ ലിബിയയിലേക്ക് പോയത്. 2020 സെപ്റ്റംബര്‍ 13 ന് അദ്ദേഹത്തിന്റെ വിസാ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ നാട്ടിലേക്കു മടങ്ങാന്‍ തയ്യാറെടുക്കുന്നതിന് തൊട്ടുമുന്‍പാണ് മുന്നയടക്കമുള്ള ഏഴ് ഇന്ത്യാക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കുശിനഗര്‍ സ്വദേശിയെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച്‌ പരാതി ലഭിച്ചതായി കുശിനഗര്‍ പോലീസ് സൂപ്രണ്ട് വിനോദ് സിംഗ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ യുവാവിന്റെ കുടുംബവുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Related Articles

Back to top button