IndiaKeralaLatestThiruvananthapuram

സില്‍ക്ക് സ്‌മിതയുടെ കഥ പറയുന്ന ചിത്രം നവംബറില്‍ ആരംഭിക്കും

“Manju”

സിന്ധുമോള്‍ . ആര്‍

ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യയെ ഇളക്കിമറിച്ച സില്‍ക്ക് സ്‌മിതയുടെ ജീവിതം തമിഴില്‍ സിനിമയാകുന്നു. കെ.എസ് മണികണ്‌ഠനാണ് ‘അവള്‍ അപ്പടിതാന്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വിദ്യാ ബാലന്റെ ഹിറ്റ് ബോളിവുഡ് ചിത്രമായ ഡേര്‍ട്ടി പിക്ചര്‍ സില്‍ക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കിയുളളതായിരുന്നുവെങ്കിലും തെന്നിന്ത്യയില്‍ ഇറങ്ങുന്ന ആദ്യ ചിത്രമാണിത്.
ഗായത്രി ഫിലിംസിന്റെ ബാനറില്‍ ചിത്ര ലക്ഷ്‌മണനും മുരളി സിനി ആര്‍ട്‌സിന്റെ എച്ച്‌ മുരളിയും സംയുക്തമായാണ് ‘അവള്‍ അപ്പടിതാന്‍’ നിര്‍മ്മിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച്‌ നവംബര്‍ ആദ്യ വാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കെ.എസ് മണികണ്‌ഠന്‍ അറിയിച്ചു.
സില്‍ക്ക് സ്‌മിതയുടെ ഹോട്ട്നെസിന് ഇന്നുവരെ സമാനതകളില്ല. അവരുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍, ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ശരിയായ വ്യക്തിയെ കണ്ടെത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ജീവിതത്തില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയ നടിയുടെ ജീവിതത്തെക്കുറിച്ച്‌ രസകരവും ആഴത്തിലുള്ളതുമായ വിശദാംശങ്ങള്‍ അവള്‍ അപ്പടിതനില്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
1980കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായികയായിരുന്നു സില്‍ക്ക് സ്‌മിത. ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന സില്‍ക്ക് സ്‌മിത തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകള്‍ ഉള്‍പ്പടെ വിവിധ ഭാഷകളില്‍ 450ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1996 സെപ്‌തംബര്‍ 23ന് സില്‍ക്ക് സ്‌മിതയെ ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌മിതയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്.

Related Articles

Back to top button