KeralaLatest

ജനത്തിന്റെ ആവശ്യങ്ങളറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിക്കണം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പൊതുജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ജനകീയമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും പാളയത്തെ പാർക്കിങ് കേന്ദ്രത്തിന്റേയും കോർപ്പറേഷനിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റേയും നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നഗര, ഗ്രാമവ്യത്യാസമില്ലാതെയുള്ള വികസനമാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്. ഏത് നഗരത്തിലും പാർക്കിങ് ഒരു പ്രധാന പ്രശ്‌നമാണ്. തലസ്ഥാന നഗരത്തിലും പ്രധാന വെല്ലുവിളികളിലൊന്ന് പാർക്കിങ് സ്ഥലത്തിന്റെ അപര്യാപ്തതയാണ്. ഇത് പരിഹരിക്കുന്നതിന്‌ കോർപ്പറേഷൻ മുൻകൈയെടുത്തിട്ടുണ്ടെന്നും അതിന് കോർപ്പറേഷനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷനായിരുന്നു. ഖരമാലിന്യ സംസ്‌കരണത്തിന് സർക്കാർ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി തലസ്ഥാന നഗരത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ പാർക്കിങ് കേന്ദ്രങ്ങൾ

സ്ഥാപിക്കാനുള്ള നടപടി സംസ്ഥാനത്തൊട്ടാകെ മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നടപ്പാക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോർപ്പറേഷന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നിർമിച്ച പുതിയ കവാടത്തിന്റെ ഉദ്ഘാടനവും കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

മേയർ കെ.ശ്രീകുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ., ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സ്മാർട്ട് സിറ്റി സി.ഇ.ഒ. പി.ബാലകിരൺ, സ്ഥിരംസമിതി അധ്യക്ഷൻമാരായ പാളയം രാജൻ, എസ്.പുഷ്പലത, എസ്.എസ്.സിന്ധു, സെക്രട്ടറി ബിനി എന്നിവർ പങ്കെടുത്തു.

കോർപ്പറേഷനിൽ 102 കാറുകൾ പാർക്ക് ചെയ്യാവുന്ന മൾട്ടിലെവൽ കാർപാർക്കിങ് കേന്ദ്രമാണ് നിർമിച്ചത്. പാളയത്ത് 568 കാറുകളും 270 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാവുന്ന കേന്ദ്രമാണ് നിർമിക്കുന്നത്.

Related Articles

Back to top button