Kerala

ജലജീവന്‍ മിഷന്‍: സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

“Manju”

 

വാര്‍ത്താക്കുറിപ്പ്

നടപ്പ് സാമ്പത്തിക വര്‍ഷം 21.42 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്‍

സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (08.10.2020) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അധ്യക്ഷനായിരിക്കും. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീന്‍, ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഇതോടൊപ്പംതന്നെ ജി്‌ലാതല ഉദ്ഘാടനങ്ങളും നടക്കും. ജില്ലാ തലങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ നിയമസഭാ സ്പീക്കറും മന്ത്രിമാരും ഉദ്ഘാടനം ചെയ്യും. ജലജീവന്‍ മിഷന്‍ വഴി 2020-21ല്‍ 21.42 ലക്ഷം വീടുകള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നത്.

കേരളത്തില്‍ ആകെ 67.15 ലക്ഷം ഗ്രാമീണ വീടുകളുള്ളതില്‍ 17.50 ലക്ഷം വീടുകള്‍ക്കാണ് നിലവില്‍ കുടിവെള്ള കണക്ഷനുള്ളത്. ശേഷിക്കുന്ന മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും ജലജീവന്‍ പദ്ധതിയിലൂടെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിനിര്‍വഹണത്തിന്റെ ആദ്യഘട്ടത്തില്‍, 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാനായി 4343.89 കോടിയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ വിവിധ ജില്ലകളിലായി 682 പഞ്ചായത്തുകളിലെ 795 പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുകയും ടെന്‍ഡര്‍ ചെയ്തു പ്രവൃത്തികളില്‍ 105 നിയമസഭാമണ്ഡലങ്ങളിലായി 243 പഞ്ചായത്തുകളിലെ മൂന്നു ലക്ഷം ഗാര്‍ഹിക കണക്ഷനുകള്‍ ഉള്‍പ്പെടുന്ന 340 പ്രവൃത്തികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി, പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2020-21ല്‍ 21.42 ലക്ഷം കണക്ഷനുകള്‍ നല്‍കാനായി നിലവില്‍ സംസ്ഥാനത്താകെ 564 പദ്ധതികളാണ് കണ്ടെത്തിയിട്ടുള്ളത്. ശേഷിക്കുന്ന കണക്ഷനുകള്‍ നല്‍കാനായി പുതിയ പദ്ധതികള്‍ ആവശ്യമാണ്. ഇതിനായി സര്‍വേ-എസ്റ്റിമേഷന്‍ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. 2021-22, 2022-23, 2023-24ലേക്ക് പുതിയ പദ്ധതികളില്‍നിന്ന് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും. 2020-21ല്‍ പദ്ധതിപ്രകാരം 586 വില്ലേജുകളിലെയും 380 പഞ്ചായത്തുകളിലെയും 23 ബ്ലോക്ക് പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു.

ജലജീവന്‍ പദ്ധതിയില്‍ പദ്ധതിത്തുകയുടെ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് ചെലവിടേണ്ടത്. സ്വന്തം ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവ പഞ്ചായത്തുകള്‍ക്ക് പദ്ധതിവിഹിതം കണ്ടെത്താനായി വിനിയോഗിക്കാം. എംഎല്‍എ ഫണ്ടും ഈ ആവശ്യത്തിന് ഉപയോഗിക്കാമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. പദ്ധതിനിര്‍വഹണത്തിനായി സംസ്ഥാന-ജില്ലാ തലത്തിലും, ഗ്രാമീണ ജല-ശുചിത്വ സമിതികളെ സഹായിക്കാനായി പഞ്ചായത്ത് തലത്തിലും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പിഐയു) പ്രവര്‍ത്തിക്കുന്നുണ്ട്.

ജലജീവന്‍ പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രമാണ് രേഖയായി നല്‍കേണ്ടത്. ജലജീവന്‍ വഴിയുള്ള കണക്ഷന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാനായി മൊബൈല്‍ ആപ്ലിക്കേഷനു രൂപം നല്‍കിയിട്ടുണ്ട്. ഈ ആപ് വഴിയായിരിക്കും കണക്ഷന്‍ സംബന്ധിച്ച നടപടികള്‍ നിര്‍വഹിക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള ആകെ പദ്ധതിച്ചെലവിന്റെ 10 ശതമാനമാണ് ഗുണഭോക്തൃ വിഹിതമായി സമാഹരിക്കേണ്ടത്. ഈ പത്തുശതമാനം തുകയെ, പഞ്ചായത്തില്‍ ആകെ നല്‍കുന്ന കണക്ഷനുകളുടെ എണ്ണം കൊണ്ടു ഭാഗിക്കുമ്പോള്‍ കിട്ടുന്ന തുക മാത്രമാണ് വ്യക്തിഗതമായി ചെലവാക്കേണ്ടിവരുന്നത്. ഗുണഭോക്തൃ വിഹിതം ലഭ്യമാക്കുന്ന മുറയ്ക്ക് കണക്ഷന്‍ ലഭിക്കും. ആദ്യം ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നവര്‍ക്ക് ആദ്യം കണക്ഷന്‍ എന്നതാണു രീതി.

പഞ്ചായത്ത് തലത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്ന മുറയ്ക്ക് കണക്ഷന്‍ ലഭ്യമാക്കും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും കുറഞ്ഞ തുക ഗുണഭോക്തൃ വിഹിതമായി അടച്ചു കണക്ഷന്‍ നേടാം. കണക്ഷന്‍ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിനെയോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി ഓഫിസിനെയോ ജലനിധി ഓഫിസിനെയോ സമീപിക്കാം.

Related Articles

Back to top button