KannurKeralaLatest

പാട്യം ജനകീയം യാത്ര തുടങ്ങി

“Manju”

അനൂപ് എം സി

കൂത്തുപറമ്പ്: പാട്യത്തിൻ്റെ സ്വന്തം ജനകീയ ബസിന് ഡബിൾബെൽ. ഇന്നലെ രാവിലെ 7.15ന് പാട്യത്ത് നിന്ന് തലശ്ശേരിക്ക് പാട്യം ജനകീയം ബസ് യാത്ര തുടങ്ങി.സഫലമായതു നാടിൻ്റെ ഒരു പതിറ്റാണ്ടിലേറെ നീണ്ട സ്വപ്നം. ആദ്യ യാത്രയുടെ കൗതുകത്തോടെ തന്നെ ‘യാത്രക്കാരെത്തി. പല കാരണങ്ങളാൽ സർവീസ് മുടങ്ങിയ റൂട്ടിൽ കൂട്ടായ്മയുടെ വിജയ ഹോൺ മുഴക്കി ജനകീയ ബസ് ഓരോ സ്റ്റോപ്പിലും ഓടിയെത്തി.
ആദ്യ ദിനത്തിൽ 4 ട്രിപ്പുകളാണ് ഓടിയത്.കോവിഡ് കാലമായതിനാൽ വരുമാനം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് ബസ് വാങ്ങിയ കൂട്ടായ്മ അംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.പാട്യം – പത്തായ കുന്ന്- കൊങ്കച്ചി-ബ്രഹ്മാവ് മുക്ക് – മേലേ ചമ്പാട് -കോപ്പാലം വഴി തലശ്ശേരിയിലേക്കാണ് ബസ്സ് സർവീസ് നടത്തുന്നത്.

2010 ൽ അവസാന ബസും സർവീസ് അവസാനിപ്പിച്ചതോടെ യാത്ര പ്രശ്നം രൂക്ഷമായിരുന്നു. പരിഹരിക്കാൻ നാട്ടുകാർ ഇറങ്ങുകയായിരുന്നു.
പാട്യം സ്വദേശിയായ ശ്രീനിവാസൻ 1989 ൽ വരവേൽപ്പ് സിനിമയ്ക്ക് തിരകഥയെഴുതിയപ്പോൾ അതിലെ ബസിന് റൂട്ട് തീരുമാനിച്ചത് ഇതു വഴിയാണ്. ലൊക്കേഷൻ വേറെയാണെങ്കിലും ‘ഗൾഫ് മോട്ടോഴ്സ് ‘ സിനിമയിൽ ഓടിയത് പാട്യം വഴിയാണ്. സിനിമയിൽ നിന്നുള്ള വ്യത്യാസം ഇത് ഒരാളുടെയല്ല. കൂട്ടായ്മയുടെ വിജയമാണെന്നതാണ്.

യാത്രാക്ലേശം രൂക്ഷമായപ്പോൾ 2019 നവംബറിൽ നാട്ടുകാരുടെ കൂട്ടായ്മ തുടങ്ങി. വീട്ടുകളിലും സ്ഥാവനങ്ങളിലും കയറി സഹായം തേടി.1040 പേരിൽ നിന്ന് 26 ലക്ഷം രൂപ സമാഹരിച്ചത് രണ്ടര മാസം കൊണ്ടാണ്.പാട്യം പഞ്ചായത്തംഗവും ജനകീയ ബസ് സമിതി ചെയർമാനുമായ പി.മനോഹരനാണ് ഇന്നലെ രാവിലെ ബസ് സർവീസ് ഉദ് ഘാടനം ചെയ്തത്.പഞ്ചായത്തംഗങ്ങളായ പി.മജിഷ, എ സുരേഷ് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button