IndiaKeralaLatestThiruvananthapuram

ഹത്രാസ് കൂട്ടബലാത്സംഗക്കൊല: സിബിഐ കേസ് ഏറ്റെടുത്തു

“Manju”

സിന്ധുമോൾ. ആർ

ഹത്രാസ് കൂട്ടബലാത്സംഗ കൊലക്കേസിന്റെ അന്വേഷണം ഉത്തര്‍പ്രദേശ് പൊലീസില്‍ നിന്ന് ഏറ്റെടുത്തതിന് പിന്നാലെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 20കാരിയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ യുപിയിലെ ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, വധശ്രമം, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

യുപി പൊലീസിന്റെ അന്വേഷണത്തില്‍ വ്യാപക അതൃപ്തിയും വിമര്‍ശനങ്ങളും പ്രതിഷേധവുമുയര്‍ന്ന സാഹചര്യത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍, സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇന്നലെയാണ് യുപി പൊലീസില്‍ നിന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ബലാത്സംഗം നടന്നിട്ടില്ല എന്ന് യുപി പൊലീസ് വാദിക്കുന്നതിനിടെ തന്നെയാണ് ബലാത്സംഗക്കുറ്റം ചുമത്തി സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

സെപ്റ്റംബര്‍ 14ന് സവര്‍ണസമുദായമായ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മാരകമായി പരിക്കേല്‍പ്പിക്കുകയാണുണ്ടായത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഡല്‍ഹി സഫ്ദര്‍ജംഗിലെ ആശുപത്രിയില്‍ യുവതി മരിച്ചു. വീട്ടുകാരുടെ സമ്മതമില്ലാതെ യുവതിയുടെ മൃതദേഹം രാത്രി സംസ്കരിച്ചത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. യു പി പൊലീസിനോട് വിശദീകരണം നല്‍കാന്‍ അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രാജ്യവ്യാപക പ്രതിഷേധമാണ് സംഭവത്തിലുയര്‍ന്നത്.

Related Articles

Back to top button