KeralaLatest

ഭാര്യയ്ക്കോ മക്കൾക്കോ സ്വർണാഭരണങ്ങളില്ല, സ്വന്തമായി വാഹനമില്ല: മന്ത്രി ജലീൽ

“Manju”

തിരുവനന്തപുരം • സ്വർണക്കടത്ത് കേസന്വേഷണത്തിന്റെ തുടർച്ചയായി മന്ത്രി കെ.ടി. ജലീലി‍ൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കളുടെ രേഖകൾ വാങ്ങി. മന്ത്രി നേരത്തെ നൽകിയ മൊഴിയുടെ ആധികാരികത പരിശോധിക്കാനാണിത്.

മന്ത്രിയുടെയും ഭാര്യയുടെയും 2 മക്കളുടെയും ബാങ്ക് അക്കൗണ്ട്, മന്ത്രിയുടെ ഡിൻ (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ), വിദേശ യാത്രാവിവരങ്ങൾ എന്നിവ ഉൾപ്പെടെ ഏതാണ്ട് 140 രേഖകളാണു നൽകിയത്. തദ്ദേശവകുപ്പ് മന്ത്രിയായിരിക്കെ ക്ലീൻ കേരള കമ്പനി ചെയർമാൻ എന്ന നിലയിലാണു ഡിൻ നമ്പർ എടുത്തത്.

വളാഞ്ചേരിയിലെ 19.5 സെന്റ് സ്ഥലവും വീടും അല്ലാതെ മറ്റു സ്വത്തൊന്നും തന്റെയോ ഭാര്യയുടെയോ മക്കളുടെയോ പേരിൽ ഇല്ലെന്നു രേഖകൾക്കൊപ്പം നൽകിയ കത്തിൽ ജലീൽ അറിയിച്ചു. 5 ലക്ഷം രൂപ വായ്പയെടുക്കാനായി വീടിന്റെ ആധാരം 5 വർഷം മുൻപു നിയമസഭയ്ക്കു കൈമാറിയിരുന്നു.

ഭാര്യ 1992 മുതൽ അധ്യാപികയാണ്. ഇപ്പോൾ ഹയർ സെക്കൻഡറി പ്രിൻസിപ്പലാണ്. അവരുടെ ശമ്പളത്തിൽ ഇതുവരെയുള്ള സമ്പാദ്യം 22 ലക്ഷം രൂപയാണ്. കോളജ് ലക്ചറർ, എംഎൽഎ, മന്ത്രി എന്നീ നിലകളിലുള്ള തന്റെ സമ്പാദ്യം 4.5 ലക്ഷം രൂപയാണ്. ശമ്പളമല്ലാതെ മറ്റു തുകയൊന്നും അക്കൗണ്ടിലേക്കു വന്നിട്ടില്ല. ഭാര്യയ്ക്കോ മക്കൾക്കോ സ്വർണാഭരണങ്ങളില്ല. സ്വന്തമായി വാഹനമില്ല. 2 സഹകരണ സംഘങ്ങളിൽ 5000 രൂപ വീതം ഓഹരി അല്ലാതെ മറ്റു നിക്ഷേപമൊന്നുമില്ല.

ആൻഡമാനിൽ മെറിറ്റ് സീറ്റിൽ എംബിബിഎസിനു പഠിക്കുന്ന മകളുടെ ബാങ്ക് അക്കൗണ്ടിൽ 36,000 രൂപയും പുണെയിൽ എൽഎൽബിക്കു പഠിക്കുന്ന മകന്റെ അക്കൗണ്ടിൽ 500 രൂപയുമാണു ബാക്കിയുള്ളത്.മന്ത്രിയായി നാലര വർഷത്തിനിടെ 6 വിദേശ യാത്രകൾ നടത്തി.

റഷ്യ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക യാത്രയും യുഎഇ (2 തവണ), യുഎസ് എന്നിവിടങ്ങളിൽ പൊതുപരിപാടികൾക്കു വേണ്ടിയും ഖത്തറിൽ സ്വകാര്യ ആവശ്യത്തിനുമായിരുന്നു യാത്രകളെന്നും ജലീൽ അറിയിച്ചു.

Related Articles

Back to top button