IndiaInternationalKeralaLatest

ഇന്ത്യ-ചൈന ഏഴാം സൈനിക തല ചര്‍ച്ച ഇന്ന്

“Manju”

സിന്ധുമോൾ. ആർ

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്നു വരുന്ന ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചയുടെ ഏഴാമത് ഘട്ടം ഇന്നു നടക്കും. തിങ്കളാഴ്ച ഉച്ചയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്ച നടക്കുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ നിന്നും വലിയ പുരോഗതി ഈ ചര്‍ച്ചയിലും ഉണ്ടായേക്കില്ലെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഒരു മാസത്തിനുള്ളില്‍ സൗത്തി ബ്ലോക്കില്‍ പരിമിതമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന പ്രതീക്ഷിയും നിലനില്‍ക്കുന്നു.

“ചൈനക്കാര്‍ എന്തുചെയ്യുമെന്ന് പറയാന്‍ പ്രയാസമാണ്. പക്ഷേ അവര്‍ സൗത്ത് ബാങ്കില്‍ നിശബ്ദമായി ഇരിക്കില്ല. ഇന്ത്യന്‍ സൈന്യം ഏഴ് തന്ത്രപ്രധാനമായ മേഖലകള്‍ കൈവശപ്പെടുത്തിയതിനെത്തുടര്‍ന്ന് അവര്‍ അമര്‍ഷത്തിലാണ്. പി‌എല്‍‌എ ഇത് അവര്‍ പ്രതീക്ഷിച്ചതല്ല. ചര്‍ച്ചയ്ക്കിടെ അവരുടെ മുഴുവന്‍ ശ്രദ്ധയും ശ്രമവും മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം എന്ന വാദത്തിലാവും’- ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 21 ന് നടന്ന 14 മണിക്കൂര്‍ നീണ്ട ആറാമത് സൈനിക തല കൂടിക്കാഴ്ചയിലും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത് പാംഗോംഗ് തടാകത്തിന്‍റെ ദക്ഷിണ തീരത്തായിരുന്നു. ഓഗസ്റ്റ് 29, 30 തീയതികളില്‍ നടന്ന നീക്കത്തിലൂടെ കരസേന കൈവശപ്പെടുത്തിയ മേഖലയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നതാണ് അവരുടെ പ്രധാന ആവശ്യം. ഇത് എല്‍‌എസിയുടെ ലംഘനമാണെന്നും ചൈന വാദിക്കുന്നു. എന്നാല്‍ ഈ മേഖലകള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്നതാണെന്നാണ് ഇന്ത്യയുടെ വാദം.

ഇരുപക്ഷവും തങ്ങളുടെ വാദങ്ങളില്‍ ഉറച്ച്‌ നില്‍കുന്നതിനാല്‍ ഈ റൗണ്ട് ചര്‍ച്ചയിലും വലിയ പുരോഗതി ആരും പ്രതീക്ഷിക്കുന്നില്ല. ഏഴാം വട്ട സൈനിക തല ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് സമമായി ചൈനയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ആദ്യമായ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഫ്റ്റനന്റ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ് പി.ജി.കെ മേനോന്‍ എന്നിവരാകും ചര്‍ച്ചയിലെ ഇന്ത്യയുടെ സൈനിക പ്രതിനിധികള്‍. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ പങ്കെടുക്കും.

Related Articles

Back to top button