KeralaLatestThrissur

തൃശൂരിൽ ഒറ്റപ്പകലിൽ കുടുങ്ങിയത് 119 ഗുണ്ടകൾ.

“Manju”

തൃശൂർ • ഗുണ്ടാവാഴ്ച തടയാൻ അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയപ്പോൾ ഒറ്റപ്പകലിൽ കുടുങ്ങിയത് 119 ഗുണ്ടകൾ.

ഇവരുടെ വീടുകളിലും ഒളിത്താവളങ്ങളിലും നടത്തിയ പരിശോധനയിൽ 7 കിലോ കഞ്ചാവ്, നാടൻ ബോംബുകൾ, ലൈസൻസില്ലാത്ത തോക്ക്, വാളുകൾ, കത്തികൾ, മഴു, പന്നിപ്പടക്കം തുടങ്ങിയവ പിടികൂടി. കുന്നംകുളം പോർക്കുളത്തെ ഒരു ഗുണ്ടയുടെ വീട്ടിൽ കൂട്ടിലിട്ടു വളർത്തിയ മരപ്പട്ടിയെ പൊലീസ് കണ്ടെത്തി. കൊരട്ടിയിലെ ഗുണ്ടയുടെ വീട്ടിൽ നിന്ന് 8 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും പിടികൂടി.

മൂന്നാഴ്ചയ്ക്കിടെ 9 കൊലപാതകങ്ങളുമായി ജില്ലയിൽ സ്വൈരജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ റേഞ്ചർ നടപ്പാക്കിയത്. തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാപക റെയ്ഡ് നടത്തി.

170 പേരടങ്ങുന്ന പൊലീസ് സംഘം ബോംബ് സ്ക്വാഡ്, മെറ്റൽ ഡിറ്റക്‌ഷൻ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്. തൃശൂർ ജില്ലയിൽ 45 പേരും മലപ്പുറം, പാലക്കാട് ജില്ലകളിലായി 74 പേരും പിടിയിലായി. ഒല്ലൂരിൽ നടത്തിയ റെയ്ഡിൽ നാടൻ ബോംബ് നിർമാണ സാമഗ്രികൾ പിടിച്ചെടുത്തു. അന്തിക്കാട്, കുന്നംകുളം, കൊരട്ടി, ചാലക്കുടി, ചാവക്കാട് മേഖലകളിൽ നിന്നു ആയുധങ്ങൾക്കൊപ്പം പന്നിപ്പടക്കവും പാലക്കാട്ടുനിന്നു ലൈസൻസില്ലാത്ത നാടൻ തോക്കും പിടികൂടി. റേഞ്ചിൽ 78 പേരെ പുതുതായി റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. ഓപ്പറേഷൻ റേഞ്ചർ പദ്ധതി ഏകോപിപ്പിക്കാൻ ഡിഐജി ഓഫിസിൽ കൺട്രോൾ റൂം തുറന്നു.

കൊരട്ടി • ലഹരി മരുന്നു സംഘാംഗമായ ഗുണ്ടയെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസ് കണ്ടെടുത്തത് 8 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും ഒന്നരക്കിലോ കഞ്ചാവും. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുന്നപ്പിള്ളി ചക്കാലക്കൽ ഷാജിയെ (ബോംബെ തലയൻ–44) അറസ്റ്റ് ചെയ്തു.

വിഗ്രഹം തന്റെ സുഹൃത്ത് സമ്മാനിച്ചതാണെന്ന ഷാജി മൊഴി നൽകിയെങ്കിലും മോഷ്ടിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.

പഴഞ്ഞി • കരുവാൻപടിയിൽ ഗുണ്ടയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 750 ഗ്രാം കഞ്ചാവും കൂട്ടിലിട്ട നിലയിൽ മരപ്പട്ടിയെയും കണ്ടെടുത്തു. നെന്മണിക്കര ശ്രീജിത്തിനെ (22) അറസ്റ്റ് ചെയ്തു.

കഞ്ചാവു തൂക്കി നൽകാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ് കണ്ടെടുത്തു. മരപ്പട്ടിയെ ഇറച്ചി വിൽപനയ്ക്കായി പിടികൂടിയതാണെന്നു കരുതുന്നു. എസ്എച്ച്ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മരപ്പട്ടിയെ വനംവകുപ്പിനു കൈമാറി. അനധികൃതമായി മരപ്പട്ടിയെ പിടികൂടിയതിനു വനംവകുപ്പും കേസെടുത്തു.

Related Articles

Back to top button