IndiaLatest

സെറിബ്രല്‍ പാല്‍സിയും ഡിസ്‌‌ലക്‌സിയയും തോറ്റു തുന്നം പാടി; ക്യാറ്റില്‍ 92.5 % മാര്‍ക്കുമായി യാഷ് ഐഐഎമ്മില്‍

“Manju”

പഠനത്തിനും ജോലിക്കുമായിട്ടുള്ള മത്സരപരീക്ഷകളില്‍ നമുക്ക് പൊതുവേ മത്സരിക്കേണ്ടി വരുന്നത് മറ്റുള്ളവരുമായിട്ടാണ്. എന്നാല്‍ മറ്റു ചിലരുണ്ട്. അവര്‍ക്ക് ജയിക്കാന്‍ മറ്റുളളവരുമായി മാത്രം പോരാ സ്വയം മത്സരിക്കേണ്ടതായി വരും. സ്വന്തം ശരീരത്തോട്, പരിമിതകളോട്, പ്രശ്‌നങ്ങളോട്. ഇത്തരത്തില്‍ സ്വന്തം വൈകല്യങ്ങളോട് മത്സരിച്ച് വിജയിച്ച കഥയാണ് മുംബൈ സ്വദേശി യാഷ് അവദേഷ് ഗാന്ധിയുടേത്.

സെറിബ്രല്‍ പാല്‍സിയും ഡിസ്ലക്‌സിയയും ഡിസ്ആര്‍ത്രിയയും ബാധിച്ച യാഷ് ഇവയോടെല്ലാം പോരാടി ക്യാറ്റ് പരീക്ഷയ്ക്ക് നേടിയത് 92.5 ശതമാനം മാര്‍ക്കാണ്. ഇപ്പോള്‍ ഐഐഎം ലഖ്‌നോ വിദ്യാര്‍ത്ഥിയായ യാഷിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്.

സെറിബ്രല്‍ പാല്‍സി എന്ന ജന്മാ ഉള്ള വൈകല്യം യാഷിന്റെ ചലനത്തെയും പേശികളുടെ ടോണിനെയും അംഗവിന്യാസത്തെയും ബാധിച്ചു. ജനനത്തിന് മുന്‍പുള്ള തലച്ചോറിന്റെ ക്രമം തെറ്റിയ വളര്‍ച്ചയാണ് ഇതിലേക്ക് നയിച്ചത്. പഠനവൈകല്യമായ ഡിസ്ലക്‌സിയ വായിക്കാനും സംസാരിക്കാനുമുള്ള കഴിവിനെ മന്ദീഭവിപ്പിച്ചു. സംസാരിക്കാന്‍ ഉപയോഗിക്കുന്ന വായിലെ പേശികളുടെ ശക്തിക്ഷയമാണ് ഡിസ്ആര്‍ത്രിയ. ഇത് അസ്പഷ്ടമായ സംസാരത്തിനു കാരണമാകുന്നു.

പക്ഷേ, ഈ വൈകല്യങ്ങള്‍ക്കെല്ലാമിടയിലും തളരാത്ത മനസ്സും വിജയിക്കാനുള്ള ത്വരയും യാഷിനെ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്. ഓരോ ഘടത്തിലും നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് യാഷിന്റെ ജൈത്രയാത്ര.

മുംബൈയിലെ മിതിഭായ് കോളജില്‍ നിന്ന് അക്കൗണ്ടിങ്ങ് ആന്‍ഡ് ഫിനാന്‍സിലാണ് യാഷ് ബിരുദം നേടിയത്. കോളജിലെ ആദ്യ അഞ്ച് സ്ഥാനക്കാരിലൊരാളായിരുന്നു. ക്യാറ്റ് പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ പലപ്പോഴും കണക്ക് യാഷിനെ വലച്ചു. ഫോര്‍മുലകള്‍ മറന്നു പോവുകയോ പിടികിട്ടാതെ വരികയോ ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. പക്ഷേ, ഇവയെ മറികടക്കാന്‍ യാഷ് അധിക പ്രയത്‌നം നടത്തി.

ചിലപ്പോഴൊക്കെ വലിയ നിരാശയും വേദനയുമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും യാഷ് ഓരോ തവണയും ശക്തമായി തിരിച്ചു വന്നു. സഹായിയെ ഉപയോഗിച്ചാണ് പരീക്ഷകള്‍ എഴുതിയിരുന്നത്.

യാഷിനു പൂര്‍ണ്ണ പിന്തുണയുമായി മാതാപിതാക്കളും സഹോദരന്‍ ഹര്‍ഷലും ഒപ്പമുണ്ടായിരുന്നു. ഐഐഎമ്മില്‍ നിന്ന് എംബിഎ പഠനത്തിന് ശേഷം മറ്റൊരു ഡിഗ്രിക്ക് ചേരണമെന്നും പറ്റാവുന്നിടത്തോളം പഠിക്കണമെന്നുമൊക്കെയാണ് യാഷിന്റെ ആഗ്രഹം. ഐഐഎമ്മില്‍ നിലവില്‍ ഓണ്‍ലൈനിലാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button