Kerala

കലാപഠന സ്ഥാപനങ്ങളില്‍ വിദ്യാരംഭത്തിന് അനുമതി നല്കണം: ഉമ്മന്‍ ചാണ്ടി

“Manju”

മതിയായ പരിശോധനകളുടെയും വിദഗ്‌ധോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ വിജയദശമി ദിനമായ ഒക്‌ടോ 26ന് കലാപഠനസ്ഥാപനങ്ങളില്‍ വിദ്യാരംഭം കുറിക്കുന്നതിന് അനുമതി നല്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി. വിദ്യാരംഭത്തിനുള്ള അഡ്മിഷന്‍ ആരംഭിക്കേണ്ട സമയമാണിത്.

സംഗീതവും നൃത്തവും അഭ്യസിക്കുന്ന കലാപഠനസ്ഥാപനങ്ങള്‍ കോവിഡ്-19 മൂലം തുറക്കാനാവാതെ രൂക്ഷമായ പ്രതിസന്ധിയിലാണ്. അവയ്ക്ക് വിദ്യാരംഭം കുറിക്കാന്‍ കഴിയാമോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ട്യൂഷന്‍-കോച്ചിംഗ് സെന്ററുകളുടെയും കൂട്ടത്തിലാണ് കലാപഠന സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇവയെല്ലാം അടഞ്ഞുകിടക്കുകയാണ്.

പതിനായിരക്കണക്കിനു കലാകാരന്മാരുടെ ഏക വരുമാന മാര്‍ഗമാണ് അതോടെ ഇല്ലാതായത്. തങ്ങള്‍ക്ക് അറിയാവുന്ന നൃത്തവും സംഗീതവും അടുത്ത തലമുറയ്ക്കു കൈമാറി അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരില്‍ പലരും ജീവിക്കുന്നത്. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവ വാടക നല്‍കി അടച്ചിട്ടിരിക്കുകയാണ്. വരുമാനവും ഇല്ല, വാടകയും വൈദ്യുതി, വെള്ളക്കരങ്ങളും നല്‍കുകയും വേണം എന്നതാണ് അവസ്ഥ.

മിക്ക സ്ഥാപനങ്ങളിലും ഒരേ സമയത്ത് പഠിക്കുന്നത് അഞ്ചോ പത്തോ പേരാകും. ശനി, ഞായര്‍ ദിവസങ്ങളിലാണു ഇവ പ്രവര്‍ത്തിക്കുന്നത്. ആ ദിവസങ്ങളില്‍ പല ബാച്ചുകളിലാണ് കുട്ടികള്‍ പഠനത്തിലേര്‍പ്പെടുന്നത്. അതിനാല്‍ കുട്ടികള്‍ കൂട്ടത്തോടെ ഇരിക്കുകയും പഠിക്കുകയും ചെയ്യുന്ന മറ്റു സ്ഥാപനങ്ങളുടെ ഗണത്തില്‍ ഇവയെ കാണേണ്ടതില്ല. അടച്ചിടല്‍ നീണ്ടതോടെ പലരും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചുവെങ്കിലും നൃത്തവും സംഗീതവും ഗുരുമുഖത്തുനിന്ന് അഭ്യസിക്കുന്നതിന്റെ പ്രയോജനം ഉണ്ടാകുന്നില്ല. ഈ രംഗത്തു വളരെ പ്രായം ചെന്ന ഗുരുക്കന്മാരും മറ്റുമുള്ളതിനാല്‍ ഓണ്‍ലൈനിലേയ്ക്ക് ക്ലാസ് മാറ്റുന്നത് അവര്‍ക്ക് എളുപ്പമല്ല.

ജിമ്മുകള്‍പോലും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയ സാഹചര്യത്തില്‍ സംഗീതവും നൃത്തവും അഭ്യസിപ്പിക്കുന്ന കലാകേന്ദ്രങ്ങള്‍ അടച്ചിടുന്നതില്‍ വൈരുധ്യവുമുണ്ട്. ഈ വിദ്യാരംഭത്തില്‍ അഡ്മിഷന്‍ എടുക്കാമോ എന്നുപോലും ഈ സ്ഥാപനങ്ങള്‍ക്ക് അറിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കര്‍ശനമായ മാനദണ്ഡങ്ങള്‍ തീര്‍ച്ചയായും പാലിക്കണം. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം അനുവാദം നല്‍കുന്നതു പരിഗണിക്കാം. ഒരേ സമയം അഞ്ച് കുട്ടികളില്‍ കൂടരുതെന്ന നിബന്ധനയും നിര്‍ദ്ദേശിക്കാം. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ ഇവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Related Articles

Back to top button