KeralaUncategorized

സമൂഹത്തോടുള്ള പ്രതിബദ്ധത സര്‍വീസിൽ ഉടനീളം വേണമെന്ന് മുഖ്യമന്ത്രി; 2279 പേര്‍ പോലീസ് സേനയുടെ ഭാഗമായി

“Manju”

എസ് സേതുനാഥ്

പരിശീലനം പൂര്‍ത്തിയാക്കിയ 2279 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡ് കേരള പോലീസ് അക്കാദമിയിലും സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലുമായി നടന്നു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഔദ്യോഗികവസതിയില്‍ നിന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് ആസ്ഥാനത്തു നിന്നും ചടങ്ങിൽ പങ്കെടുത്തു.

പോലീസ് സംവിധാനത്തിന്റെ അടിത്തട്ട് മുതല്‍ ഏറ്റവും മുകളിൽ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ പൊതുജനസേവകരാണെന്ന ധാരണ എപ്പോഴും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതായിരിക്കണം പോലീസ് സംവിധാനത്തിന്റെ അടിസ്ഥാനം. അതേസമയം സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന സമീപനം സര്‍വീസ് ജീവിതത്തില്‍ ഉടനീളം പുലര്‍ത്താനും ശ്രദ്ധിക്കണം. ക്രമസമാധാനം ഉറപ്പുവരുത്താനും നിയമവാഴ്ച നടപ്പാക്കാനും സ്വീകരിക്കുന്ന നടപടികളില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഏറെ പുതുമകളും പ്രത്യേകതകളുമുള്ള ബാച്ചാണ് ഇന്ന് പോലീസ് സേനയിലേയ്ക്ക് കടന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിമൂലം സാമൂഹികജീവിതം കലുഷിതമായ ഇന്നത്തെ സാഹചര്യത്തില്‍ 2279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കിയത് നിസ്സാരകാര്യമല്ല. പരിശീലനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ റിക്രൂട്ട് ട്രെയിനിങ് പോലീസ് കോണ്‍സ്റ്റബിളുകളെ നിയോഗിച്ചു. സര്‍വീസ് കാലയളവില്‍ മുഴുവന്‍ ജനങ്ങളുടെ ഒപ്പം ഏതുരീതിയില്‍ കഴിയണമെന്നത് പരിശീലനം പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് തന്നെ മനസിലാക്കാന്‍ ഈ നടപടി സഹായകമായതായി മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ ആസ്ഥാനമായി രൂപീകരിച്ച ഇന്റഗ്രേറ്റഡ് പോലീസ് ട്രെയിനിങ് സെന്റര്‍ നിലവില്‍ വന്നശേഷം ഏകീകൃതസ്വഭാവത്തോടെയുള്ള പരിശീലനം നേടുന്ന ആദ്യ ബാച്ചാണിത്. പരിശീലനം പൂര്‍ത്തിയാക്കുന്നതിനുമുമ്പുതന്നെ കേഡറ്റുകളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിയോഗിച്ചിരുന്നു.

പുതിയ ബാച്ചില്‍ 19 പേര്‍ എംടെക് ബിരുദധാരികളും 306 പേര്‍ എഞ്ചിനീയറിംഗ് ബിരുദധാരികളുമാണ്. 26 പേര്‍ക്ക് എം.ബി.എ ഉണ്ട്. ബിരുദാനന്തരബിരുദമുള്ള 182 പേരും ബിരുദമുള്ള 22 പേരും ഈ ബാച്ചിലുണ്ട്.

Related Articles

Back to top button