KeralaLatestMalappuram

കാലിക്കറ്റ് പരീക്ഷകള്‍ പുനരാരംഭിക്കുന്നു; കോവിഡ് ബാധിതര്‍ക്ക് വീണ്ടും അവസരം

“Manju”

പി.വി.എസ്

മലപ്പുറം : കോവിഡിനെത്തുടർന്ന് നിർത്തിവെച്ച കാലിക്കറ്റ് സർവകലാശാല സെമസ്റ്റർ പരീക്ഷകൾ വ്യാഴാഴ്ച പുനരാരംഭിക്കുന്നു. കോവിഡ് ബാധിതരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. എന്നാൽ, ഇവർക്ക് വീണ്ടും അവസരമുണ്ടാവുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി. സർവകലാശാലയ്ക്ക് കീഴിലുള്ള 275 ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് പരീക്ഷ നടക്കുന്നത്. ഡിഗ്രിമുതൽ ബുരുദാനന്തര ബിരുദംവരെയുള്ള പരീക്ഷകൾ കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തുന്നത്. റഗുലർ വിദ്യാർഥികൾക്കു പുറമേ വിദൂരവിദ്യാഭ്യാസ സ്ട്രീമിൽ രജിസ്റ്റർ ചെയ്തവർക്കും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ്വ്യാപന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളുടെ ഇടയിൽനിന്ന് ആവശ്യമുയർന്നിരുന്നു. കോവിഡ് ബാധിതരെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന നിർദേശം രോഗബാധിതരായ കുട്ടികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, കോവിഡ് ബാധിച്ചവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു പറഞ്ഞു. ഹോട്ട്സ്പോട്ട്, കൺടെയ്ൻമെന്റ് സോണുകളിൽനിന്ന് വരുന്ന വിദ്യാർഥികൾക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക സ്ഥലസൗകര്യമൊരുക്കണമെന്ന് കോളേജുകളോട് നിർദേശിച്ചിട്ടുണ്ട്. പഠിക്കുന്ന കോളേജുകൾക്കു പുറമേ വിദ്യാർഥികൾക്ക് സൗകര്യമുള്ളിടത്ത് പരീക്ഷയെഴുതാൻ സൗകര്യത്തിനായി എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ അധികമായി അനുവദിച്ചിട്ടുണ്ട്. പരീക്ഷ നടത്താനുള്ള തീരുമാനത്തെ കേരളാ അൺ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽസ് കൗൺസിൽ സ്വാഗതം ചെയ്തു. ആരോഗ്യവകുപ്പിന്റെയും സർവകലാശാലയുടെയും നിർദേശങ്ങളനുസരിച്ച് പരീക്ഷ നടത്തുമെന്ന് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. വർഗീസ് മാത്യു പറഞ്ഞു.

Related Articles

Back to top button