KeralaLatestThiruvananthapuram

റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് മിന്നല്‍ സമരം; 90 കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ന​ഗരത്തില്‍ റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് മിന്നല്‍സമരം നടത്തിയ 90 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇത് സംബന്ധിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. തെളിവുസഹിതം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ നടപടിയുണ്ടാകാനാണ് സാധ്യത. ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബസുകള്‍ റോഡില്‍ ഉപേക്ഷിച്ച്‌ ഗതാഗതതടസ്സമുണ്ടാക്കിയതിനാണ് നടപടി.

കേന്ദ്രമോട്ടോര്‍വാഹനനിയമപ്രകാരം സമരത്തിന്റെയോ പ്രതിഷേധത്തിന്റെയോ ഭാഗമായി പൊതുവാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് ഗതാഗതതടസ്സമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. മാര്‍ച്ച്‌ നാലിനാണ് സിറ്റി ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സമരം ചെയ്തത്. ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതുകാരണം കിഴക്കേക്കോട്ടയിലും തമ്ബാനൂരും നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമരത്തിനിടെ ബസ് കിട്ടാതെ കിഴക്കേക്കോട്ട സ്റ്റാന്‍ഡില്‍ കുടുങ്ങിയ യാത്രക്കാരന്‍ സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിക്കുകയുംചെയ്തു. പൊലീസ് റിപ്പോര്‍ട്ടുപ്രകാരമാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. ഡ്രൈവര്‍മാരില്‍നിന്ന്‌ വിശദീകരണം വാങ്ങിയശേഷം നടപടി സ്വീകരിക്കും.

സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സമരം തടയുന്നതില്‍ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമരം തടയുന്നതില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച്‌ ഗതാഗത സെക്രട്ടറിയോട് റിപ്പോര്‍ട്ടുനല്‍കാനും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. മരിച്ച സുരേന്ദ്രന്റെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടാമെന്നും കമ്മിഷന്‍ പറഞ്ഞു.

Related Articles

Back to top button