IndiaInternationalLatest

കൊവിഡ് വാക്‌സിനായി തയ്യാറാകാന്‍ ലണ്ടനിലെ ആശുപത്രിക്ക് നിര്‍ദേശം; നവംബറില്‍ എത്തിയേക്കും

“Manju”

സിന്ധുമോൾ. ആർ

ഓക്സ്ഫോര്‍ഡ് വാക്‌സിന്‍ അടുത്ത മാസം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ നല്‍കുന്നതിനായി തയ്യാറെടുക്കാന്‍ ലണ്ടനിലെ ആശുപത്രിക്ക് നിര്‍ദേശം നല്‍കിയതായി ജീവനക്കാരെ ഉദ്ധരിച്ചു ‘ദ സണ്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തു. നവംബര്‍ ആദ്യ വാരം മുതല്‍ ഇതിനായി തയ്യാറെടുപ്പ് നടത്താനാണ് ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കിയ‌ നിര്‍ദേശം.

ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെകയുമായി ചേര്‍ന്നു ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തതാണ് വാക്‌സിന്‍. ചെറുപ്പക്കാരിലും പ്രായമായവരിലും മികച്ച രോഗ പ്രതിരോധ ശേഷി സൃഷ്ടിക്കാന്‍ വാക്‌സിന് കഴിഞ്ഞതായി അസ്ട്രസെനെക അറിയിച്ചിരുന്നു. പ്രായമായവരില്‍ വാക്‌സിന്റെ പ്രത്യാഘാതം കുറവായിരുന്നുവെന്നും അസ്ട്രസെനെക ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായ പ്രായമായവരില്‍ ആന്റിബോഡിയുടെയും ടി സെല്ലിന്റെയും ഉല്‍പാദനത്തിന് വാക്‌സിന്‍ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഉള്‍പ്പടെയുള്ള ആദ്യ ഘട്ടത്തിലെ കണ്ടെത്തലുകള്‍ അധികം വൈകാതെ ഒരു ക്ലിനിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീരിക്കുമെന്നു ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ സമാനമായ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. 18 മുതല്‍ 55 വയസ് വരെയുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ മികച്ച പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി അന്ന് കണ്ടെത്തിയിരുന്നു.

നിലവില്‍ വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണുള്ളത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു. യുകെ, ബ്രസീല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. നേരത്തെ യുകെയില്‍ വാക്‌സിന്‍ പരീക്ഷിച്ചയാള്‍ക്ക് അപ്രതീക്ഷിതമായി രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവെച്ചിരുന്നു.

Related Articles

Back to top button