Thiruvananthapuram

എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ ഇന്ന് പ്രവർത്തനം ആരംഭിയ്ക്കും

“Manju”

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ആരംഭിച്ച ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ ഇന്ന് (28/10/2020) പ്രവർത്തനം ആരംഭിയ്ക്കും.  ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നതിനൊപ്പം എസ് എ ടി ആശുപത്രിയിലെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയും വിവിധ ചികിത്സാസംവിധാനങ്ങള്‍, രോഗങ്ങളും അവയുടെ ചികിത്സയും സംബന്ധിച്ച് വിദഗ്ധരുടെ അഭിമുഖങ്ങള്‍, വിവിധ പ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍ററിലൂടെ സംപ്രേക്ഷണം ചെയ്യും. ഇതിനായി വാർഡുകളിലും ഒ പി യിലുമടക്കം 54 ടെലിവിഷൻ സെറ്റുകൾ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മാനസികോല്ലാസത്തിനായി ടെലിവിഷന്‍ പരിപാടികളും ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍ററിലൂടെ സംപ്രേക്ഷണം ചെയ്യും.

18 ലക്ഷത്തോളം രൂപ ചെലവഴിച്ച് എസ് എ ടി ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയാണ് ഡിജിറ്റൽ ബോഡ്കാസ്റ്റിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രിയുടെ നേട്ടങ്ങൾ ഉൾപ്പെടെ പൊതു ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനായി സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു യുട്യൂബ് ചാനലിനും ബുധനാഴ്ച തുടക്കം കുറിയ്ക്കും. 25 വര്‍ഷക്കാലയളവിനുള്ളില്‍ എസ് എ ടി ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.

രോഗികള്‍ക്ക് ഏറ്റവും ചുരുങ്ങിയ വിലയില്‍ ഔഷധങ്ങള്‍ നല്‍കുന്ന ദിനംപ്രതി 40ലക്ഷം രൂപയുടെ വിറ്റുവരവുള്ള ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക്, എസ് എ ടി  രോഗികളുടെ ക്ഷേമം മുന്‍ നിര്‍ത്തി നടപ്പാക്കിയ പേഷ്യന്‍റ് വെല്‍ഫെയര്‍ സ്കീം, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമുള്ള മിക്കവാറും എല്ലാ സാധനങ്ങളും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് മൂന്ന് സെയില്‍സ് കൗണ്ടറുള്ള സെന്‍ട്രല്‍ സ്റ്റോര്‍, കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്ന ക്യാന്‍റീന്‍ എന്നിവയെല്ലാം എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത്.

ബുധനാഴ്ച രാവിലെ 10ന് എസ് എ ടി ആശുപത്രിയിലെ ഡോ ഓമന മാത്യു ഹാളിൽ നടക്കുന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ്‌ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിയ്ക്കും. ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ വരദരാജൻ ഉൾപ്പെടെയുള്ള സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button