IndiaKeralaLatestThiruvananthapuram

നാളെ മുതല്‍ തിരുവനന്തപുരം ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍ സോണിലും ആശ്രമം ബ്രാഞ്ചുകളിലും സന്ദര്‍ശകര്‍ക്ക് പ്രവേശനം.

“Manju”

സ്റ്റാഫ് പ്രതിനിധി

പോത്തന്‍കോട് : കോവിഡ്-19, നിലവിലെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഒക്ടോബര്‍ 31 ശനിയാഴ്ച മുതല്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 30 വരെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍ സോണിലും ആശ്രമം ബ്രാഞ്ചുകളിലും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ആശ്രമം ഓര്‍ഗനസൈിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക. ആശ്രമ പരിസരപ്രദേശങ്ങളിലും പോത്തന്‍കോടും കണ്ടയിന്‍മെന്റ് സോണുകളായിരുന്നതിനാലും കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാലും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം പുനരാരംഭിക്കുന്നത്.

സന്ദര്‍ശകര്‍ക്കായി ആശ്രമത്തില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍;

65 വയസ്സിന് മുകളിലുള്ളവര്‍, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗലക്ഷണമുള്ളവർ, കണ്ടെയ്മെന്റ് സോണിൽ താമസിക്കുന്നവർ എന്നിവർ സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്.

സ്പിരിച്ച്വല്‍ സോണ്‍ പ്രവേശന കവാടത്തില്‍ ഏർപ്പെടുത്തിയിട്ടുള്ള സാനിറ്റൈസിംഗ് സൌകര്യം, സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുവാനുള്ള സൗകര്യം എന്നിവ സന്ദര്‍ശകര്‍ പൂർണമായും പ്രയോജനപ്പെടുത്തേണ്ടതാണ്. സ്പിരിച്വൽ സോണിലേക്കുള്ള പ്രവേശനം ഗേറ്റ് നമ്പര്‍ 3 വഴി മാത്രമായിരിക്കും. ഒരു സമയത്ത് 50 പേര്‍ക്ക് ആയിരിക്കും ഉള്ളില്‍ പ്രവേശനം അനുവദിക്കുന്നത്.

സന്ദര്‍ശകര്‍ പ്രവേശന കവാടത്തില്‍ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ സ്വന്തംവിവരങ്ങൾ രേഖപ്പെടുത്തുകയും, റിസപ്ഷന്‍ കൗണ്ടറില്‍, ശരീര ഊഷ്മാവ് പരിശോധനയ്ക്ക് വിധേയമാകേണ്ടതുമാണ്. സന്ദര്‍ശനത്തിനെത്തുന്നവര്‍ മുഴുവന്‍ സമയവും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. സ്പിരിച്ച്വല്‍ സോണിനുള്ളിൽ ഒരാൾക്ക് ചെലവഴിക്കാന്‍ അനുവദിച്ചിട്ടുള്ള പരമാവധി സമയം 20 മിനിറ്റ് ആണ്. നിഷ്കര്‍ഷിച്ചിട്ടുള്ള 6 അടി സാമൂഹിക അകലം പാലിക്കേണ്ടതാണ്.

പ്രാര്‍ത്ഥനാലയത്തില്‍ ദീപം, ഭസ്മം, തീര്‍ത്ഥം, പ്രസാദം എന്നിവയുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല. സമര്‍പ്പണങ്ങള്‍ നടത്തുന്നതിന് ആശ്രമത്തിന് മുന്പില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പൊതു ഭക്ഷണശാല വഴി ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതല്ല.

കുഞ്ഞൂണ്, പേരിടീല്‍, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നതിന് നേരത്തെ നല്‍‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ആശ്രമം ബ്രാഞ്ചുകളിൽ മുകളില്‍ പറഞ്ഞിട്ടുള്ളതിന് സമാനമായ മാനദണ്ഡങ്ങളും പ്രാദേശിക ഗവണ്‍മെന്റ് നിയമങ്ങളും പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക.

നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആശ്രമം ക്യാൻറീൻ സൌകര്യം ഉണ്ടായിരിക്കും. സന്ദര്‍ശകര്‍ വരുന്ന സ്ഥലങ്ങള്‍ നിശ്ചിത സമയം ഇടവിട്ട് സാനിട്ടൈസ് ചെയ്ത് ചെയ്യുന്നതാണ്. ആശ്രമവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ക്കായി നിലവിലുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍: 9847635610, 9495828353 ഉപയോഗിക്കാവുന്നതാണ്.

Related Articles

Back to top button