KeralaLatestThrissur

ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്റെ അമ്മയ്ക്ക് നിയമനം നല്‍കി സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

തൃശൂര്‍ : ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്റെ അമ്മയ്ക്ക് നിയമനം നല്‍കി സര്‍ക്കാര്‍. നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്കാണ് പട്ടികജാതി വികസന വകുപ്പില്‍ താല്‍ക്കാലിക നിയമനം നല്‍കിയത്. വകുപ്പിന് കീഴിലെ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ക്യാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലാണ് താല്‍ക്കാലിക നിയമന ഉത്തരവ് ലഭിച്ചത്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.എസ്. സുനില്‍ നിയമന ഉത്തരവ് നന്ദിനിക്ക് കൈമാറി. പൃഥ്വിരാജ് നീതി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 35 ദിവസങ്ങളിലായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയ സമരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഇടപെടലില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി ഇതോടൊപ്പം നന്ദിനി മുന്നോട്ടുപോവുകയാണ്.

ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന രാജുവിന്റെയും നന്ദിനിയുടെയും ഏകമകനാണ് മാസങ്ങള്‍ക്ക് മുമ്പ് നാണയം വിഴുങ്ങി മരിച്ചത്. ചികിത്സകിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും, ആലപ്പുഴ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ചികിത്സ നല്‍കാതെ നാണയം മലത്തോടൊപ്പം പുറത്ത് പോകുമെന്ന് പറഞ്ഞ് തിരിച്ചയച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Related Articles

Back to top button