IndiaKeralaLatest

ബലാത്സംഗശ്രമം പുറത്തുപറയാതിരിക്കാന്‍ മാതൃസഹോദരനും ഭാര്യയും 17കാരിയെ കൊലപ്പെടുത്തി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ബലാത്സംഗ ​ശ്രമം പുറത്തുപറയാതിരിക്കാന്‍ മാതൃസഹോദരനും ഭാര്യയും ചേര്‍ന്ന്​ 17കാരിയെ കൊലപ്പെടുത്തി. രാജ്യതലസ്​ഥാനമായ ഡല്‍ഹിയിലാണ്​ ദാരുണ സംഭവം. 17കാരിയെ കൊലപ്പെടുത്തി കിടക്കയുടെ പെട്ടിക്കുള്ളില്‍ സൂക്ഷിക്കുകയായിരു​ന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ഡല്‍ഹിയിലെ നന്ദഗിരി പ്രദേശത്ത്​ താമസിക്കുന്ന മാതൃസഹോദരന്‍ 51 കാരനായ വക്കീല്‍ പോഡറിനും 45കാരിയായ ഭാര്യക്കുമൊപ്പമായിരുന്നു 17കാരിയുടെ താമസം. അവിടെനിന്നായിരുന്നു പെണ്‍കുട്ടിയുടെ പഠനം. ഒക്​ടോബര്‍ 23 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. ഭിക്ഷയെടുത്ത്​ ജീവിച്ചിരുന്ന ഭാര്യ ഒക്​ടോബര്‍ 23ന്​ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്നും ഭര്‍ത്താവ്​ പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശ്​ ഗാസിയബാദിലെ അനാഥാലയത്തിലേക്ക്​ മാറ്റിയെന്ന്​ പറഞ്ഞതായും പൊലീസ്​ പറഞ്ഞു. എന്നാല്‍ ഒക്​ടോബര്‍ 23ന്​ ആ പേരില്‍ ഒരു പെണ്‍കുട്ടി അനാഥാലയത്തില്‍ എത്തിയിട്ടില്ലെന്ന്​ പൊലീസ്​ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിനിടെ വക്കീല്‍ പോഡറിനെ കാണാതായി. ഇതോടെ പെണ്‍കുട്ടിയുടെ തിരോധാനവുമായി ഇയാള്‍ക്ക്​ ബന്ധമുണ്ടെന്ന്​ ​പൊലീസ്​ കണ്ടെത്തുകയായിരുന്നു. ബിഹാറിലെ ഒരു ബസ്​ സ്​റ്റാന്‍ഡില്‍നിന്ന്​ ഇയാളെ പിന്നീട്​ പൊലീസ്​ കണ്ടെത്തി.

തുടര്‍ന്ന്​ നടത്തിയ ചോദ്യം ചെയ്യല്‍ മരുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി എതിര്‍ത്തെന്നും ഇയാള്‍ മൊഴി നല്‍കി. ഭാര്യ ഇക്കാര്യം അറിഞ്ഞതോടെ വഴക്കുണ്ടാക്കുകയും പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക്​ തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാതെ തിരിച്ചുപോകി​ല്ലെന്നും ബലാത്സംഗശ്രമം പുറത്തുപറയുമെന്നും​ പെണ്‍കുട്ടി അറിയിച്ചു. ഇതോടെ വീട്ടില്‍ മൂവരും തമ്മില്‍ വഴക്ക്​ പതിവാകുകയും ​ഭാര്യ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പോഡറിനോട്​ ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന്​ ഇരുമ്പ് ദണ്ഡ്​ ഉപയോഗിച്ച്‌​ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. വീടിന്​ പുറത്ത്​ ഭാര്യ കാവല്‍ നില്‍ക്കുകയും ചെയ്​തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന്​ രക്തം ഒഴുകിയതോടെ പുതപ്പില്‍ പൊതിഞ്ഞശേഷം കിടക്കയുടെ പെട്ടിയിലാക്കുകയായിരുന്നു. തുടര്‍ന്ന്​ ഇരുമ്പുദണ്ഡും മുറിയും കഴുകി വൃത്തിയാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ലെന്നും ഇരുവരും പറഞ്ഞതായി പൊലീസ്​ പറഞ്ഞു.

Related Articles

Back to top button