KeralaLatestThiruvananthapuram

വര്‍ക്കല മണ്ഡലത്തിലെ വിവിധ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

“Manju”

വര്‍ക്കല മണ്ഡലത്തിലെ നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നാവായിക്കുളം പഞ്ചായത്തില്‍ സെന്‍ട്രല്‍ റിസ്സര്‍വ്വ് ഫണ്ടില്‍ നിന്ന് 11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 28 ആം മൈല്‍ – വെട്ടിയറ- കെട്ടിടംമുക്ക് – പലവക്കോട് – ഇടമണ്‍നില – മുക്കട റോഡ്, മടവൂര്‍ പഞ്ചായത്തില്‍ നബാര്‍ഡ് ഫണ്ടില്‍ നിന്നും 10 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച എലിക്കുന്നാം മുകള്‍ – വേട്ടക്കാട്ടുകോണം – വേമൂട് – കൃഷ്ണന്‍കുന്ന് – ചാലാംകോണം – തങ്കക്കല്ല് റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വഹിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നും 47 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വര്‍ക്കല-നടയറ- പരിപ്പള്ളി റോഡ്, സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ വണ്ടിപ്പുര – കോവൂര്‍ – വായനശാല ജംഗ്ഷന്‍ റോഡ്, 1.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഇലകമണ്‍ പഞ്ചായത്തിലെ ഇലകമണ്‍ – കായല്‍പ്പുറം റോഡ് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും ചടങ്ങില്‍ നടന്നു.

വര്‍ക്കല മണ്ഡലത്തിലെ സര്‍വ മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലരവര്‍ഷക്കാലം നടന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സമയ ബന്ധിതമായി റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്കല നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. വര്‍ക്കല നഗരസഭ ചെയര്‍പേര്‍സണ്‍ ബിന്ദു ഹരിദാസ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച് സലിം, ഇലകമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, ജനപ്രതിനിധികള്‍, നാഷണല്‍ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജ്യോതേന്ദ്ര ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button