KeralaLatest

തമ്പാനൂർ മണ്ഡലം കമ്മിറ്റിയിൽ കൂട്ടത്തല്ല്, സംഭവം പൊലീസിനെ അറിയിക്കരുതെന്ന്‌ മുല്ലപ്പള്ളി

“Manju”

തിരുവനന്തപുരം : കോർപറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ്‌ നിർണയത്തെച്ചൊല്ലി കോൺഗ്രസ്‌ തമ്പാനൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല്. വയോധികനായ മണ്ഡലം പ്രസിഡന്റിനെ ഡിസിസി ജനറൽ സെക്രട്ടറിയും തമ്പാനൂർ വാർഡിലെ മുൻ കൗൺസിലറുമായിരുന്ന ഹരികുമാർ കസേരകൊണ്ട്‌ അടിച്ചു വീഴ്‌ത്തിയെന്നാണ്‌ പരാതി. അടിയേറ്റു തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ഡലം പ്രസിഡന്റ്‌ പി കെ വിജയകുമാറിനെ ബന്ധുക്കൾ ഇടപെട്ട്‌ നഗരത്തിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.ഡിസിസി ജനറൽ സെക്രട്ടറി ഹരികുമാറിനെതിരെ എ, ഐ ഗ്രൂപ്പുകാർ ഒരുമിച്ച്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ പരാതി നൽകി. അടിയേറ്റ മണ്ഡലം പ്രസിഡന്റിന്റെ ബന്ധുക്കളും കെപിസിസി പ്രസിഡന്റിന്‌ പരാതി നൽകിയിട്ടുണ്ട്‌. സംഭവം പൊലീസിൽ അറിയിക്കരുതെന്നും സംഘടനാപരമായി പരിഹരിക്കാമെന്നും കെപിസിസി പ്രസിഡന്റ്‌ പരാതിക്കാരോട്‌ നിർദേശിച്ചിട്ടുണ്ട്‌.

വ്യാഴാഴ്‌ച വൈകിട്ട്‌ തമ്പാനൂർ ഐഎൻടിയുസി ഓഫീസിലായിരുന്നു മണ്ഡലം കമ്മിറ്റി യോഗം. കെപിസിസി സർക്കുലർ പ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ മണ്ഡലം കമ്മിറ്റിയുടെ നിർദേശം പരിഗണിക്കാതെ ഹരികുമാർ സ്വന്തം സ്ഥാനാർഥിയെ നിർദേശിച്ചുവെന്ന്‌ മറ്റ്‌ നേതാക്കൾ പറയുന്നു. ഇതിനെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവർ എതിർത്തതാണ്‌ പ്രകോപനത്തിന്‌ കാരണം.

അടിയേറ്റ പി കെ വിജയകുമാർ എൻഎസ്‌എസ്‌ സെക്രട്ടറിയാണ്‌. തടയാൻ ശ്രമിച്ച കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പരമേശ്വരൻനായർക്കും അടിയേറ്റു. കഴിഞ്ഞതവണ തമ്പാനൂർ വാർഡിൽ മത്സരിച്ചുതോറ്റ ഹരികുമാറിന്റെ അനുയായികളെ ഏകപക്ഷീയമായി സ്ഥാനാർഥിയാക്കാനുള്ള നീക്കത്തെയാണ്‌ മറ്റ്‌ നേതാക്കൾ എതിർത്തത്‌. വി എസ്‌ ശിവകുമാർ എംഎൽഎയുടെ പക്ഷക്കാരനാണ്‌ ഹരികുമാർ. രാജാജി നഗറിലെ കമ്യൂണിറ്റി ഹാൾ കൈയേറിയതിന്‌ നഗരസഭയുടെ നടപടി നേരിടുന്നയാളാണ്‌ ഹരികുമാർ.

Related Articles

Back to top button