KeralaLatest

നാടൻ കപ്പയ്ക്ക് ഓൺലൈനില്‍ നടുക്കും വില

“Manju”

നാട്ടിൽ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന നാടൻ കപ്പ ബെംഗളൂരുവിൽ ‘വിലമതിക്കാനാകാത്ത’ താരമാണ്. കേരളത്തിൽ‍ കിലോയ്ക്ക് 20-30 രൂപയുള്ള കപ്പയ്ക്ക് ശനിയാഴ്ച ആമസോണിൽ വില 400 കടന്നു.

‘കേരള സ്പെഷൽ ഹോം ഗ്രോൺ ടപ്പിയോക്ക’ ആദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വില 429 രൂപ. 7% കിഴിവിൽ 399 രൂപ. വൈകിട്ടോടെ വില കുറഞ്ഞ് 210 രൂപയിലെത്തി. മരച്ചീനി, കപ്പക്കിഴങ്ങ്, മരവള്ളിക്കിഴങ്ങ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ കപ്പയ്ക്കു പറയുന്ന പേരുകളും ഇതിനൊപ്പം നൽകിയിട്ടുണ്ട്.

ഇത്രയും വലിയ തുകയ്ക്ക് എത്ര പേർ കപ്പ വാങ്ങിയെന്നത് വ്യക്തമല്ല. ഏതായാലും ബുക്ക് ചെയ്തവർക്ക് അടുത്ത വെള്ളിയാഴ്ചയെ കപ്പ കിട്ടുകയുള്ളൂ.
പച്ചക്കപ്പ മാത്രമല്ല, ഉണക്കക്കപ്പ, ചിപ്സ് തുടങ്ങിയവയും വിൽപനയ്ക്കുണ്ട്. 2 കിലോ ഉണക്കക്കപ്പയ്ക്ക് 699 രൂപ. 36% കിഴിവ് കഴിച്ച് 448 രൂപ. കപ്പ ചിപ്സ് 100 ഗ്രാമിന് 200 മുതൽ 450 രൂപ വരെ.

കേരള വിഭവങ്ങൾ‍ നേരിട്ടെത്തിക്കുന്ന ബെംഗളൂരുവിലെ മലയാളി‍ കടകളിൽ 45-55 രൂപയ്ക്കു നാടൻ കപ്പ ലഭ്യമാണ്. എല്ലാ ആഴ്ചയും നാട്ടിൽ നിന്നു മിനിലോറികളിലും മറ്റുമാണ് ഇവ എത്തിക്കുന്നത്. കപ്പ മാത്രമല്ല, നേന്ത്രക്കായ, ചേന, ചേമ്പ്, മാങ്ങ, കൂർക്ക, ഉണക്കമീൻ തുടങ്ങി നാട്ടുൽപന്നങ്ങളെല്ലാം നഗരത്തിലെത്തിക്കാറുണ്ട്.

Related Articles

Back to top button