ErnakulamKeralaLatest

പെൺ കെണി കൊലപാതകം : കൂടുതൽ പേർ കുടുങ്ങും

“Manju”

കൊച്ചി• കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവ‌ാകരൻ നായരെ (64) ബ്രഹ്മപുരത്തു വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യഥാര്‍ത്ഥ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്ന് കുടുംബം. അറസ്റ്റിലായവരുമായി കൊച്ചി ഇൻഫോപാർക്ക് പൊലീസ് കഴിഞ്ഞ ദിവസം ഇളമാെടത്തി തെളിവെടുത്തു. വസ്തു തർക്കത്തെത്തുടർന്നുള്ള കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഹണിട്രാപ് മാതൃകയിൽ ദിവാകരൻ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി മർദിച്ചു കൊന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.

ദിവാകരൻ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കൽ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടിൽ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്ത് കൊല്ലം കുമിൾ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് ഇതുവരെ ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്.

ഷാനിഫ മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. അനിൽകുമാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിൽ തള്ളുകയായിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരൻ നായരും അനുജൻ മധുസൂദനൻ നായരും തമ്മിൽ തർക്കവും 15 വർഷമായി കേസും നിലനിന്നിരുന്നു. മകനും മരുമകൾക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോൾ, തർക്കസ്ഥലം അളന്നു തിരിച്ചു വിൽക്കാനായി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ശ്രമം നടത്തി. എന്നാൽ, ഇതിനെ ദിവാകരൻ നായർ എതിർത്തു. തുടർന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം പൊൻകുന്നത്തു നിന്നെത്തി പ്രശ്നത്തിൽ ഇടപെട്ടു.ഇത‌ു സംഘർഷത്തിൽ കലാശിച്ചു. തുടർന്നാണു ദിവാകരൻ നായരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഷാനിഫ മുഖേന, ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തിദിവാകരനെ പിന്തുടർന്നു. രാത്രി തൃക്കാക്കര ക്ഷേത്രത്തിനു സമീപംഓട്ടോയിൽ വന്നിറങ്ങിയ അദ്ദേഹത്തെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടു പോയ സംഘം മർദിച്ചു കൊലപ്പെടുത്തി. രാത്രി വൈകി കരിമുകൾ–ഇൻഫോ പാർക്ക് റോഡിൽ ബ്രഹ്മപുരത്തു കെഎസ്ഇബിയുടെ ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം ഉപേക്ഷിച്ചു പ്രതികൾ പൊൻകുന്നത്തേയ്ക്കു മടങ്ങി.

Related Articles

Back to top button