IndiaLatest

മഹേന്ദ്ര ഥാർ ഉത്പാദനം കൂട്ടും

“Manju”

വാഹന വ്യവസായം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച 2020ലെ ഏറ്റവും വിജയകരമായ അവതരണമായി വിലയിരുത്തപ്പെടുന്നതു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുറത്തിറക്കിയ ‘ഥാർ’ ആണ്. കനത്ത വെല്ലുവിളികൾക്കിടയിലും തകർപ്പൻ വരവേൽപ്പാണു കഴിഞ്ഞ ഗാന്ധിജയന്തി നാളിൽ അരങ്ങേറിയ ‘ഥാറി’നു ലഭിച്ചത്. പ്രതീക്ഷകളെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ച വച്ചതോടെ ‘ഥാർ’ ഉൽപ്പാദനം വർധിപ്പിക്കാനും മഹീന്ദ്ര നിർബന്ധിതരായി. മഹാരാഷ്ട്രയിലെ നാസിക് ശാലയിൽ നിർമിച്ച ആയിരത്തോളം ‘ഥാർ’ ആണു കമ്പനി ഈ ദീപാവലി നാളുകളിൽ ഉടമസ്ഥർക്കു കൈമാറുക.

കഴിയുന്നത്രെ പേർക്ക് ദീപാവലി ആഘോഷ വേളയിൽ പുതിയ ‘ഥാർ’ നിർമിച്ചു നൽകാനാണു കമ്പനി ശ്രമിക്കുന്നതെന്ന് എം ആൻഡ് എം വ്യക്തമാക്കുന്നു. പുതിയ ‘ഥാറി’നായി ആവശ്യക്കാരേറിയതോടെ ആദ്യമാദ്യം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് എത്രയും വേഗം വാഹനം നിർമിച്ചു നൽകാനാണു മഹീന്ദ്ര ശ്രമിക്കുന്നത്.കഴിഞ്ഞ ആഴ്ചയിലും മഹീന്ദ്ര അഞ്ഞൂറോളം പുതിയ ‘ഥാർ’ ഉടമസ്ഥർക്കു കൈമാറിയിരുന്നു. നേരത്തെ പ്രതിമാസം 2,000 ‘ഥാർ ഉൽപ്പാദിപ്പിക്കാനാണു മഹീന്ദ്ര തീരുമാനിച്ചിരുന്നത്. പുതുവർഷത്തോടെ ‘ഥാറി’ന്റെ പ്രതിമാസ ഉൽപ്പാദനം 3,000 യൂണിറ്റായി ഉയർത്താനായിരുന്നു പദ്ധതി.

ഗാന്ധിജയന്തി നാളിൽ അരങ്ങേറിയെങ്കിലും നവംബർ ഒന്നു മുതലാണു മഹീന്ദ്ര പുതിയ ‘ഥാർ’ വിൽപ്പന ആരംഭിച്ചത്. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതം പുതിയ ‘ഥാർ’ വിൽപ്പനയ്ക്കുണ്ട്. എ എക്സ്, എൽ എക്സ് വകഭേദങ്ങളിൽ ലഭിക്കുന്ന ‘ഥാറി’ന്റെ ഷോറൂം വില 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ്. വില കുറവ് ‘ഥാർ എ എക്സി’നാണെങ്കിലും വിപണിക്കു പ്രിയം മുന്തിയ വകഭേദമായ ‘എൽ എക്സി’നോടാണെന്നാണു ബുക്കിങ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൺവെർട്ടിബിൾ സോഫ്റ്റ് റൂഫ് ടോപ്പും ഓട്ടമാറ്റിക് ഗീയർബോക്സുമൊക്കെയുള്ള പതിപ്പുകൾക്കാണ് ആവശ്യക്കാരേറെ
ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന ‘2020 ഥാറി’നു കരുത്തേകാൻ രണ്ട് എൻജിനുകളാണു രംഗത്തുള്ളത്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ ‘എം സ്റ്റാലിയൻ’ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്.

ആപ്പിൾ കാർ പ്ലേയോ ആൻഡ്രോയ്ഡ് ഓട്ടോയോ സഹിതം ഏഴ് ഇഞ്ച് ടച് സ്ക്രീൻ, റൂഫ് മൗണ്ടഡ് സ്പീക്കർ, ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനായി കളർ മൾട്ടി ഇൻഫോ സംവിധാനം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയവയൊക്ക പുത്തൻ ‘ഥാറി’ലുണ്ട്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഹിൽ സ്റ്റാർട് — ഡിസന്റ് അസിസ്റ്റ്, റോൾ ഓവർ മിറ്റിഗേഷൻ സഹിതം ഇ എസ് പി തുടങ്ങിയവയും ‘ഥാറി’ലുണ്ട്.

Related Articles

Back to top button