IndiaLatest

എൻഫീൽഡ് മിറ്റിയോർ വിപണിയിലേക്ക്

“Manju”

ഈ മാസം ആദ്യം ഇന്ത്യയിൽ അരങ്ങേറിയ മീറ്റിയോർ 350 വിദേശ വിപണികളിൽ വിൽപനയ്ക്കെത്തിക്കാൻ റോയൽ എൻഫീൽഡ് തയാറെടുക്കുന്നു. യൂറോപ്പും അമേരിക്കയുമടക്കമുള്ള വിപണികളിലേക്കു മീറ്റിയോർ 350 വിപണനം വ്യാപിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. രാജ്യാന്തര വിപണികളിൽ കമ്പനിയുടെ ബൈക്കുകൾക്ക് ആവശ്യക്കാരേറുകയാണെന്നും ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് അവകാശപ്പെട്ടു.

തണ്ടർബേഡ് ശ്രേണിയുടെ പിൻഗാമിയായിട്ടാണു റോയൽ എൻഫീൽഡ് മീറ്റിയോർ 350 മോട്ടോർ സൈക്കിളിന്റെ രംഗപ്രവേശം. കമ്പനി പുതുതായി വികസിപ്പിച്ച ജെ പ്ലാറ്റ്ഫോമിൽ പുറത്തെത്തുന്ന ആദ്യ ബൈക്കായ മീറ്റിയോറിനു കരുത്തേകുന്നത് പുതിയ എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് 350 സി സി എൻജിനാണ്. 20.5 ബി എച്ച് പിയോളം കരുത്തും 27 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുമ്പത്തെ പുഷ് റോഡ് ആക്ച്വുവേറ്റഡ് വാൽവിനു പകരം സിംഗിൾ ഓവർഹെഡ് കാമു(എസ് ഒ എച്ച് സി)മായെത്തുന്ന ഈ എൻജിനു കൂട്ടായി ആറു സ്പീഡ് ഗീയർബോക്സും ഇടംപിടിക്കും. നിലവിലെ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിനെ അപേക്ഷിച്ചു സുഗമമായ പ്രവർത്തനവും ഈ പുതിയ എൻജിനിൽ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു.

ഡൽഹി ഷോറൂമിൽ 1.75 ലക്ഷം രൂപ വില നിശ്ചയിച്ചാണു റോയലൻ എൻഫീൽഡ് മീറ്റിയോറിന്റെ അടിസ്ഥാന വകഭേദമായ ഫയർ ബോൾ വിൽപ്പനയ്ക്കെത്തിച്ചത്. മുന്തിയ വകഭേദമായ മീറ്റിയോർ സൂപ്പർനോവയ്ക്ക് 1.91 ലക്ഷം രൂപയാണു ഷോറൂം വില. വിദേശ വിപണികളിലും മീറ്റിയോറിന് ഇതേ പ്രീമിയം ശൈലിയിലുള്ള വിലനിർണയമാവും റോയൽ എൻഫീൽഡ് പിന്തുടരുകയെന്നാണു സൂചന.

Related Articles

Back to top button