KeralaLatestThiruvananthapuram

ഫീസ് ഘടന : എം ബി ബി എസ് വിദ്യാർത്ഥികൾ ഇരുട്ടിൽ

“Manju”

തിരുവനന്തപുരം• സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കുറഞ്ഞ ഫീസിൽ എംബിബിഎസ് പഠിക്കാമെന്ന പ്രതീക്ഷയിലിരുന്ന വിദ്യാർഥികൾക്ക് കനത്ത ആഘാതമായി പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനം. ദിവസങ്ങൾക്കു മുന്‍പ് രാജേന്ദ്ര ബാബു കമ്മിറ്റി പ്രഖ്യാപിച്ച ഫീസിന്റെ മൂന്നിരട്ടിയാണു ഹൈക്കോടതി നിർദേശപ്രകാരം കമ്മിഷണർ വിജ്ഞാപനം ചെയ്തത്. 19 കോളജുകൾക്ക് 6.22–7.65 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ചിരുന്നത്. മാനേജുമെന്‍റുകൾ ആവശ്യപ്പെട്ടത് 11–22 ലക്ഷവും. മാനേജുമെന്റുകൾ ആവശ്യപ്പെട്ട ഫീസ് വിദ്യാർ‍ഥികളെ അറിയിക്കണമെന്ന കോടതി നിർദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയത്. കോടതിയുടെ അന്തിമവിധി അനുസരിച്ചായിരിക്കും ഫീസ്.

കേസ് കോടതി എന്ന് പരിഗണിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനു മുൻപ് പ്രവേശന നടപടികൾ ആരംഭിക്കുകയാണെങ്കിൽ ഇത്രയും ഫീസ് നൽകി പഠിക്കേണ്ടി വരുമെന്ന ധാരണയിൽ പ്രവേശനം നേടേണ്ടിവരും. സാമ്പത്തികശേഷിയില്ലാത്തവർക്ക് പഠിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. കേസിൽ സർക്കാർ കക്ഷി ചേർന്നിട്ടില്ല. കോടതിവിധി എതിരായാൽ സർക്കാർ അപ്പീൽ നൽകുന്നതടക്കം പരിഗണിക്കുമോ എന്ന കാര്യത്തിലും ഈ ഘട്ടത്തിൽ വ്യക്തതയില്ല.

ഓപ്ഷൻ റജിസ്ട്രേഷൻ രണ്ടു ദിവസം മുൻപ് അവസാനിച്ചിരുന്നു. അപ്പോൾ 6 ലക്ഷമായിരുന്നു ശരാശരി ഫീസ്. പിന്നീടാണ് ഹൈക്കോടതി നിർദേശപ്രകാരം മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് അടിസ്ഥാനമാക്കി വിജ്ഞാപനം ഇറങ്ങിയത്. വിദ്യാർഥികൾക്ക് ഓപ്ഷൻ മാറ്റാനോ ക്യാൻസൽ ചെയ്യാനോ വെബ്സൈറ്റ് തുറക്കണം. എന്ന് അലോർട്ട്മെന്റ് വേണം എന്നുള്ളതും തീരുമാനിക്കണം. ഇക്കാര്യങ്ങളിൽ ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കോടതി വിധി അനുസരിച്ച് ഫീസ് വർധനയുണ്ടായാൽ ആ തുക അടയ്ക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന മെഡിക്കൽ അലോട്ട്മെന്റ് പുതിയ സാഹചര്യത്തിൽ മാറ്റിവച്ചു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. ഫീസ് വർധിച്ചാൽ പല വിദ്യാർഥികൾക്കും പഴയ ഓപ്ഷൻ അനുസരിച്ചു പഠിക്കാൻ സാധിക്കില്ല. അവർക്കു വീണ്ടും ഓപ്ഷൻ നൽകാൻ അവസരം നൽകുമോയെന്നും അറിയിച്ചിട്ടില്ല. ഈവർഷം പ്രവേശനം നടത്തുന്ന 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പത്തിടത്ത് ആവശ്യപ്പെടുന്ന ഫീസാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.

മറ്റ് 9 കോളജുകൾ ആവശ്യപ്പെടുന്ന ഫീസ് ലഭ്യമായിട്ടില്ലെങ്കിലും കോടതിയുടെ വ്യവസ്ഥകൾ അവിടെയും ബാധകമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. പ്രൊഫൈൽ പേജിൽ വിദ്യാർഥികൾക്കു സ്വന്തം റാങ്ക് അറിയാമെങ്കിലും കേരളത്തിലെ മെഡിക്കൽ റാങ്ക്‌ലിസ്റ്റ് പൊതുജനങ്ങൾക്കു കാണാനായി ഇതേവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ 3 വർഷവും ഇതു പ്രസിദ്ധീകരിച്ചിരുന്നു.

Related Articles

Back to top button