IndiaLatest

വിവാഹത്തിനായുള്ള മതംമാറ്റം ഇനി ക്രിമിനൽ കുറ്റം

“Manju”

ലക്നൗ• വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നതിനെതിരെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ച ഓർഡിനൻസിനു അംഗീകാരം നൽകിയതോടെ വിവാഹത്തിനായുള്ള മതംമാറ്റം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.

വിവാഹത്തിനായുള്ള നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

പ്രായപൂർത്തിയായവർ ആരെ ജീവിതപങ്കാളിയാക്കണമെന്ന തീരുമാനം അവരുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും അതിൽ ഇടപെടാൻ സർക്കാരിനും മറ്റുള്ളവർക്കും അവകാശമില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഓർഡിനൻസിന്റെ കരടിന് ഉത്തർ പ്രദേശ് സർക്കാർ അംഗീകാരം നൽകിയിരുന്നു.

ഒരേ ലിംഗത്തിൽ പെട്ടവർ ഒരുമിച്ചു ജീവിക്കുന്നതിനുപോലും നിയമപരമായി പരിരക്ഷയുള്ളപ്പോൾ വ്യത്യസ്ത മതങ്ങളിലുള്ളവർ ഒരുമിച്ചു ജീവിക്കുന്നതിനെ എതിർക്കുന്നതെങ്ങനെയെന്നു കോടതി ചോദിച്ചിരുന്നു.

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ പ്രായപൂർത്തിയായവർക്കുള്ള അവകാശത്തിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നു ഹാദിയ കേസിൽ സുപ്രീം കോടതി നൽകിയ വിധിയുടെ ചുവടുപിടിച്ചായിരുന്നു ഹൈക്കോടതി നിരീക്ഷണങ്ങൾ.

ഈ സാഹചര്യത്തിലാണു ഓർഡിനൻസ് കൊണ്ടുവരാനുള്ള ധൃതിപിടിച്ചുള്ള നീക്കം. ഈ നിയമം അനുസരിച്ച് ഒരു വ്യക്തി മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് 2 മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങേണ്ടതായി വരും.

Related Articles

Back to top button