IndiaLatest

വാക്സിനെതിരെയുള്ള ആരോപണം ‍; 100 കോടി നഷ്ടപരിഹാരം ചോദിച്ച്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

“Manju”

ശ്രീജ.എസ്

പുണെ: ഓക്‌സ്ഫഡ് വാക്‌സീന്‍ ഡോസ് എടുത്തതിനു പിന്നാലെ തനിക്കു നാഡീവ്യൂഹ, മാനസിക പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവര്‍ത്തകനെതിരെ കര്‍ശന നടപടിക്കൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയയാള്‍ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യനിലയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ വാക്‌സീന്‍ പരീക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്‌നം തെറ്റായി വാക്‌സീന്‍ പരീക്ഷണത്തിനു മേല്‍ ആരോപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. അദ്ദേഹത്തിനുണ്ടായ പ്രശ്‌നങ്ങള്‍ വാക്‌സീന്‍ മൂലമല്ലെന്ന് മെഡിക്കല്‍ സംഘം കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും വാക്‌സീനെതിരെ ആരോപണം ഉന്നയിക്കുന്നത് കമ്പനിയുടെ യശസ് തകര്‍ക്കാനുദ്ദേശിച്ചാണ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വാക്‌സീന്റെ നിര്‍മാണവും പരീക്ഷണവും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നുമാണ് ചെന്നൈ സ്വദേശി ലീഗല്‍ നോട്ടിസില്‍ ആവശ്യപ്പെട്ടത്. ഒക്‌ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഷ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് ഇദ്ദേഹം കോവിഷീല്‍ഡിന്റെ ഷോട്ട് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട്.

സന്നദ്ധ പ്രവര്‍ത്തകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വാക്‌സീന്‍ എടുത്തതിന്റെ അനന്തരഫലമാണോയെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും (ഡിജിസിഐ) ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ എത്തിക്‌സ് കമ്മിറ്റിയും പരിശോധിക്കുകയാണ്.

Related Articles

Back to top button