IndiaLatest

പാമോയില്‍ ഉപയോഗിച്ച്‌ പാല്‍ ഉണ്ടാക്കി വില്‍പ്പന; റിട്ട കെമിസ്ട്രി അദ്ധ്യാപകന്‍ ഒളിവില്‍

“Manju”

സിന്ധുമോൾ. ആർ

ഭോപ്പാല്‍: പാം ഓയിലും രാസവസ്തുക്കളും ചേര്‍ത്ത് പാല്‍ ഉണ്ടാക്കി വിറ്റ റിട്ട. അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മദ്ധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. മദ്ധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പിളായി വിരമിച്ച കെമിസ്ട്രി അദ്ധ്യാപകനായ ദീന്ദയാല്‍ ശര്‍മയാണ് കേസിലെ മുഖ്യപ്രതി.ഇയാള്‍ ഒളിവിലാണ്.

കെമിസ്ട്രി അധ്യാപകനായിരുന്ന ഇയാള്‍ രാസപദാര്‍ഥങ്ങളും പാമോയിലും ഉപയോഗിച്ചാണ് കൃത്രിമമായി പാല്‍ നിര്‍മിച്ച്‌ വില്‍പ്പന നടത്തിയത്. നിരവധി വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ്, ജില്ലാ ഭരണാധികാരികള്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി എത്തി ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പാല്‍ നിര്‍മാണത്തിനായുള്ള നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തു. കൃത്രിമമായി നിര്‍മിച്ച 200 ലിറ്ററോളം പാലും പരിശോധനയില്‍ കണ്ടെത്തി. എട്ട് കിലോ പാമോയില്‍, പത്ത് കിലോ മല്‍റ്റോഡെക്‌സ്ട്രിന്‍ പൊടി എന്നിവയും കണ്ടെത്തി. പാല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

15 വര്‍ഷത്തോളം ഖദിയഹാറിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനും പിന്നീട് പ്രിന്‍സിപ്പലുമായ വ്യക്തിയാണ് ദീന്‍ദയാല്‍ ശര്‍മ. സ്‌കൂളിലെ വിജയ ശതമാനം 17ല്‍ നിന്ന് 70 വരെയെത്തിക്കാന്‍ പ്രിന്‍സിപ്പലായിരുന്ന ശര്‍മയ്ക്ക് സാധിച്ചിരുന്നു. ഇത്തരമൊരു തട്ടിപ്പ് കേസില്‍ ശര്‍മ കുടുങ്ങുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല. ഈ വാര്‍ത്ത അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതായി നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകനും ദീന്‍ദയാല്‍ ശര്‍മയുടെ ശിഷ്യരിലൊരാളുമായ ജയന്ത് തോമര്‍ വ്യക്തമാക്കി.

Related Articles

Back to top button