KeralaLatestPathanamthitta

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി രേഷ്മ മറിയം റോയിക്ക് വിജയം

“Manju”

സിന്ധുമോൾ. ആർ

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ആയാണ് രേഷ്മ മത്സരിച്ചത്. 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുന്‍പായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

രേഷ്മ മത്സരിച്ച 11-ാം വാര്‍ഡ് കഴിഞ്ഞ മൂന്ന് ടേമുകള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്മ കോണ്‍ഗ്രസില്‍ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. ‘കുറച്ചുകൂടെ പ്രായവും പഠിപ്പുമൊക്കെ ആയിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പോരെ’ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പ് വിജയത്തോടെ മറുപടി നല്‍കുകയാണ് രേഷ്മ. കോന്നി വിഎന്‍എസ് കോളജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. തുടര്‍ പഠനത്തെ കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കുമ്ബോഴാണ് രേഷ്മയെ തേടി ‘തെരഞ്ഞെടുപ്പ് പരീക്ഷ’ എത്തുന്നത്. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടില്‍ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രേഷ്മ. നിലവില്‍ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

രേഷ്മയുടെ കുടുംബം കോണ്‍ഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎന്‍എസ് കോളജിലെ എസ്‌എഫ്‌ഐ അംഗമായിരുന്നു രേഷ്മ. സാധാരണ തെരഞ്ഞെടുപ്പ് കാമ്പെയിനുകളില്‍ നിന്ന് വിപരീതമായി ഒരു ഡയറി കൈയില്‍ കരുതിയാണ് രേഷ്മ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പോയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഡയറില്‍ കുറിച്ച്‌ അവരില്‍ ഒരാളെന്ന തോന്നലുണ്ടാക്കാന്‍ രേഷ്മയ്ക്ക് സാധിച്ചു.

Related Articles

Back to top button