KeralaKottayamLatest

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍ ഡി എഫ് പിടിച്ചെടുത്തു

“Manju”

സിന്ധുമോൾ. ആർ

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാല്‍നൂറ്റാണ്ടിനുശേഷമാണ് ഇവിടെ യുഡിഎഫിന് ഭരണം നഷ്ടമാകുന്നത്. അതേസമയം, തൃശൂര്‍ കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്ബോള്‍ യുഡിഎഫ് വിമതന്‍ എം കെ വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമാകും. 24 സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫ് 23 സീറ്റുകളിലും വിജയിച്ചു. ഒരു വിമതന്‍ ഒപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി. കൊച്ചിയില്‍ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും മുന്നിട്ടു നില്‍ക്കുന്നത് എല്‍ഡിഎഫാണ്. ഒഞ്ചിയത്ത് യുഡിഎഫ് എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തി. പാലായില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. എല്‍ഡിഎഫ് 17, യുഡിഎഫ് 8, ഇതില്‍ 11 സീറ്റും കേരള കോണ്‍ഗ്രസ് എം (ജോസ്) നേടിയതാണ്. നഗരസഭ രൂപീകരിച്ചതിനു ശേഷം ആദ്യമായിട്ടാണ് അവര്‍ ഇവിടെ ഭരണം പിടിക്കുന്നത്.

അതേസമയം, കോഴിക്കോട് മുക്കം നഗരസഭയില്‍ അനിശ്ചിതത്വം തുടരുകയാണ്. യുഡിഎഫ് വെല്‍ഫെയര്‍ സഖ്യത്തിന് നഗരസഭ പിടിക്കാനായില്ല. ലീഗ് വിമതന്റെ നിലപാടനുസരിച്ചായിരിക്കും ഭരണം. കോതമംഗലം എല്‍ഡിഎഫ് പിടിച്ചടക്കി. ഫലമറിഞ്ഞ 12ല്‍ 10 സീറ്റും അവര്‍ നേടി. യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. അതേസമയം, അങ്കമാലി നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലേക്കെത്തുകയാണ്. നിലവില്‍ എല്‍ഡിഎഫിനാണ് ഇവിടെ ഭരണം. അതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്ബൂര്‍ നഗരസഭയില്‍ ആദ്യമായി എല്‍ഡിഎഫ് ഭരണം പിടിച്ചു. എല്‍ഡിഎഫ് വികസനമുന്നണി എന്ന പേരില്‍ കൂടുതല്‍ സ്വതന്ത്രരെ അണിനിരത്തിയായിരുന്നു മത്സരം.

പാലക്കാട് നഗരസഭയിലെ മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപി 28 സീറ്റ് നേടി. എല്‍ഡിഎഫ് 7, യുഡിഎഫ് 14, വെല്‍ഫയര്‍പാര്‍ട്ടി 1, സ്വതന്ത്രര്‍ 2 പേരും വിജയിച്ചു. നഗരസഭയില്‍ മത്സരിച്ച യുഡിഎഫ് ജില്ലാചെയര്‍മാനും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ പി ബാലഗോപാലന്‍ തോറ്റു.

Related Articles

Back to top button