IndiaLatest

പിഎം കെയേഴ്‌സ് ഫണ്ട് പ്രൈവറ്റ് ട്രസ്റ്റാണോ? വിവരാവകാശം തേടാനാവില്ല, മോദിക്ക് ചുറ്റും വിവാദം!!

“Manju”

ദില്ലി: കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതായിരുന്നു പിഎം കെയേഴ്‌സ് ഫണ്ട്. എന്നാല്‍ ഈ ട്രസ്റ്റിനെ കുറിച്ച്‌ ഉയരുന്നത് അടിമുടി സംശയങ്ങള്‍. കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ ട്രസ്റ്റ് എന്നാണ് ബിജെപി ഇതിനെ വിളിച്ചിരുന്നത്. എന്നാല്‍ ഈ ട്രസ്റ്റിന്റെ രേകള്‍ പ്രകാരം ഇത് സ്വകാര്യ ട്രസ്റ്റാണ്. വിവരാവകാശ നിയമ പ്രകാരം ഇവയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിക്കില്ല. ഇതൊരു സര്‍ക്കാര്‍ ട്രസ്റ്റാണോ അതോ പ്രൈവറ്റ് ട്രസ്റ്റാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്‌ അത് പ്രൈവറ്റ് ട്രസ്റ്റിന് സമാനമാണ്.
പിഎം കെയേഴ്‌സ് ട്രസ്റ്റ് ദില്ലിയിലെ റവന്യൂ വിഭാഗത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി അതില്‍ ചെയര്‍പേഴ്‌സനും സീനിയര്‍ മന്ത്രിമാര്‍ ട്രസ്റ്റ് അംഗങ്ങളുമാണ്. അടുത്തിടെ പുറത്തുവിട്ട വിവരങ്ങളില്‍ സര്‍ക്കാര്‍ ട്രസ്റ്റാണോ കെയേഴ്‌സ് ഫണ്ടെന്ന് വ്യക്തമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരുകളുടെയോ നിയന്ത്രണത്തിലല്ല ഈ ട്രസ്റ്റുള്ളത്. അതുകൊണ്ട് സ്വകാര്യ ട്രസ്റ്റായി ഇത് മാറിയെന്ന് വേണം കരുതാന്‍. അതേസമയം പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഈ ട്രസ്റ്റില്‍ തുടരുന്നത് എന്തിനാണെന്ന ചോദ്യം ബാക്കിയാണ്. സ്വകാര്യ ട്രസ്റ്റില്‍ എങ്ങനെ പ്രധാനമന്ത്രി അംഗമാകുമെന്നും ചോദ്യമുയരുന്നുണ്ട്.

മാര്‍ച്ച്‌ 27നാണ് ഈ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുന്നത്. അടുത്ത ദിവസം ഇത് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി പദ്ധതിയായി ഇതിനെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അംഗീകരിച്ചു. ഇതോടെ കോര്‍പ്പറേറ്റ് സംഭാവനകള്‍ വാങ്ങാനും ഈ ട്രസ്റ്റിന് സാധിക്കും. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജ് നേരത്തെ പുറത്തുവിട്ട വിവരാവകാശ രേഖയില്‍ പിഎം കെയേഴ്‌സ് ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ളതാണെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ലെന്നാണ് വെളിപ്പെടുന്നത്.
മോദി സര്‍ക്കാര്‍ വന്‍ തട്ടിപ്പിനായി പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ചോ എന്ന സംശയവും ഇതോടെ ഉയര്‍ന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണെങ്കില്‍ കോര്‍പ്പറേറ്റ് സംഭാവനകള്‍ ഈ ട്രസ്റ്റില്‍ സാധ്യമല്ല. നേരത്തെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പിഎം ഫണ്ടിനെ കോര്‍പ്പറേറ്റ് സംഭാവന സ്വീകരിക്കാമെന്ന വ്യവസ്ഥയിലേക്ക് മാറ്റിയിരുന്നു. രണ്ട് മാസം മുമ്ബാണ് എല്ലാം സംഭവിച്ചത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും സ്വകാര്യ ട്രസ്റ്റാണോ പിഎം കെയേഴ്‌സ് ഫണ്ടെന്ന സംശയം ഉന്നയിച്ചിരുന്നു. സ്വകാര്യ ട്രസ്റ്റാണെങ്കില്‍ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും ആരാണ് ട്രസ്റ്റിലെ അംഗങ്ങളായി നിയമിച്ചത് എന്ന സംശയവും ബാക്കിയാണ്.

Related Articles

Back to top button