KeralaLatest

ധര്‍മ്മടത്തും തലശ്ശേരിയിലും വരെ പ്രചാരകനായിട്ടും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിലെത്തിയില്ല -പരാജയത്തില്‍ചാണ്ടിക്കെതിരെയും പ്രവര്‍ത്തക വികാരം

“Manju”

കോട്ടയം: പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനു പിന്നാലെ കോട്ടയത്ത് ചര്‍ച്ചയാകുന്നത് സ്ഥലം എംഎല്‍എയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്റെ അസാന്നിധ്യത്തെക്കുറിച്ചാണ്

കോട്ടയത്തും പ്രത്യേകിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിനും ചാണ്ടി ഉമ്മനോട് പ്രചരണ രംഗത്ത് കൂടുതല്‍ സജീവമാകണമെന്ന് സഹപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ ചാണ്ടി നാമമാത്ര സാന്നിധ്യത്തിനപ്പുറം അതിനു തയ്യാറായില്ലെന്ന് മാത്രമല്ല, തിരുവനന്തപുരം, ആലപ്പുഴ, ധര്‍മ്മടം, തലശ്ശേരി, തൃശൂര്‍ ഭാഗങ്ങളിലൊക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തില്‍ സജീവമാകുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി ആരോഗ്യകാരണങ്ങളാല്‍ കോവിഡ് കാലത്ത് കോട്ടയത്തുനിന്നും പൊതു പരിപാടികളില്‍നിന്നും വിട്ടുനിന്നപ്പോഴും ചാണ്ടിയോട് പുതുപ്പള്ളിയില്‍ സജീവമാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിസാറിന് മാനസിക അടുപ്പമുള്ളവരാണ് മണ്ഡലത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും.

ആ കുടുംബങ്ങളില്‍ ഇക്കാലയളവില്‍ നടന്ന മരണ, വിവാഹ ചടങ്ങുകളിലൊന്നും പങ്കെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായില്ല. ആ വിടവ് നികത്താന്‍ ചാണ്ടി ഉമ്മന്‍ എത്തണമെന്ന് പുതുപ്പള്ളിയിലെ പാര്‍ട്ടിക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ചാണ്ടി എത്തിയില്ല. പകരം ബാംഗ്ളൂര്‍ ഉപതെരഞ്ഞെടുപ്പിനു പോലും പ്രചരണത്തിനായി മലയാളി മേഖലകളില്‍ ചാണ്ടിയെത്തി.

അതേസമയം കോട്ടയത്തിനു പുറത്ത് ചാണ്ടിയുടെ സാന്നിധ്യം പ്രയോജനകരമാക്കി മാറ്റാന്‍ അതാത് മേഖലകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കഴിയുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും അകന്നുനില്‍ക്കുന്നതെന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

പ്രത്യേകിച്ചും പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടെ നിയോജക മണ്ഡലത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഇടതുപക്ഷം പിടിച്ചെടുത്ത സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാകണമെന്നാണ് ആവശ്യം.

Related Articles

Back to top button