IndiaLatest

ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് !

“Manju”

കൊച്ചി: വിട്ടുമാറാത്ത ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ ചൈനയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന് 2016ലെ ആഗോള രോഗ ബാധ്യതാ പഠനം വ്യക്തമാക്കുന്നു. വിട്ടുമാറാത്ത ശ്വാസകോശ രോഗം (ക്രോണിക്ക് ഒബ്‌സ്ട്രക്ക്റ്റീവ് പള്‍മോണറി ഡിസീസ്സിഒപിഡികോപ്ഡ്) ഒറ്റ രോഗമല്ല, അത് ശ്വാസ തടസമുണ്ടാക്കുന്ന പലതരം ശ്വാസരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന നാമമാണ്.

സ്ഥിരമായ ചുമയും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതുമാണ് കോപ്ഡ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ കോപ്ഡ് ഒരു പുകവലിക്കാന്റെ വെറും ചുമയല്ല, കണ്ടെത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ശ്വാസകോശ രോഗമാണ്.

ശാരീരിക ബുദ്ധിമുട്ടുകളും ശ്വാസ തടസവും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടും ഒരാളുടെ ജീവിതത്തിന്റെ നിയന്ത്രണങ്ങള്‍ നഷ്ടപ്പെടുത്തുകയും അന്തസിനെയും ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുകയും ചെയ്യും. കോപ്ഡ് രോഗികള്‍ക്ക് ജീവിതത്തിലെ ദൈനംദിന കാര്യങ്ങള്‍ വെല്ലുവിളിയാകുന്നു.

ശ്വാസം വീണ്ടെടുക്കാനുള്ള ബുദ്ധിമുട്ട് മാത്രമല്ല, നല്ലൊരു ജീവിതം കൂടി കോപ്ഡ്  നഷ്ടപ്പെടുത്തുന്നു. ലക്ഷണങ്ങള്‍ വഷളാകുമ്പോള്‍ അല്ലെങ്കില്‍ പുതിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോഴാണ് കോപ്ഡ് പലപ്പോഴും തിരിച്ചറിയുന്നത്. കടുപ്പമേറുന്നതിനെ ”ശ്വാസകോശ ആഘാത”മെന്നും വിളിക്കുന്നു. ചികില്‍സിക്കാതിരുന്നാല്‍ ഇത് മാരകമാകും.

ലോക കോപ്ഡ് തലസ്ഥാനമാക്കി കൊണ്ട് ഇന്ത്യയില്‍ 55 ദശലക്ഷത്തിലധികം രോഗികളുണ്ടെന്ന് ആലപ്പുഴ ജില്ലാ ആശുപത്രിയിലെ ഡോ. വേണുഗോപാല്‍ എംബിബിഎസ്, ഡിടിസിഡി, ഡിപ്.എന്‍.ബി, പിജിഡിഎച്ച്എച്ച്എ, എംഎച്ച്എ പറഞ്ഞു. പുകവലി, വ്യവസായങ്ങളില്‍ നിന്നുള്ള പുക, ചൂള തുടങ്ങിയവയുമായുള്ള ദീര്‍ഘകാല നിരന്തര സമ്പര്‍ക്കം കോപ്ഡിന് വഴിയൊരുക്കുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മാരകമായ അസുഖങ്ങളിലൊന്നാണെങ്കിലും പൊതുജനം ഇതേക്കുറിച്ച് ബോധവാന്മാരല്ലെന്നതാണ് ഡോ.വേണുഗോപാലിനെ ആശങ്കപ്പെടുത്തുന്നത്. ശ്വാസകോശ ആഘാതമേറ്റ ഒരു രോഗി എത്തുമ്പോഴേക്കും രോഗിയുടെ ശ്വാസകോശം ഗുരുതരമായി കുഴപ്പത്തിലായിട്ടുണ്ടാകും.

നേരത്തെ കണ്ടെത്തിയാല്‍ മാത്രമേ നല്ല പരിപാലനം സാധ്യമാക്കാനും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയൂവെന്നും ഡോക്ടര്‍ പറഞ്ഞു. ബിപി, ഷുഗര്‍ എന്നിവപോലെതന്നെ ശ്വാസകോശ പരിശോധനയും പൊതുജനത്തിന്റെ മനസിലുണ്ടാകണം.

നമ്മുടേത് പോലുള്ള വികസ്വര രാജ്യങ്ങളില്‍ ശ്വാസകോശ ആഘാത അപകട സാധ്യത വളരെ കൂടുതലാണെന്നും ഡോ.വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശത്തിന്റെ ശേഷിയെ കോപ്ഡ് ബാധിക്കുന്നു. ശ്വാസകോശ പ്രവര്‍ത്തന ടെസ്റ്റിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂ. സ്‌പൈറോമെട്രിയാണ് സാധാരണ ശ്വാസകോശ പ്രവര്‍ത്തന പരിശോധന. സ്‌പൈറോമീറ്റര്‍ എന്ന യന്ത്രത്തിന്റെ സഹായത്തോടെ എത്ര വേഗത്തില്‍ ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് എടുക്കാനാകുമെന്നാണ് അളക്കുന്നത്.

കോപ്ഡ് പരിശോധനയ്ക്കുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡായി കണക്കാക്കുന്ന സ്‌പൈറോമെട്രി സ്ഥിരമായി നടത്താറില്ലെന്നും ഡോക്ടര്‍മാരുടെ ക്ലിനിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗ നിര്‍ണയം നടത്തുന്നതെന്നുമാണ് പല ഡോക്ടര്‍മാരും വിശ്വസിക്കുന്നത്.

എന്നാല്‍ നേരത്തേയുള്ള രോഗ നിര്‍ണയം എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കുന്നില്ല. ഇന്‍ഹേലറിന്റെ ഉപയോഗത്തോടെ ശ്വാസകോശ ആഘാതം കുറയ്ക്കാനുകും. പ്രതിദിനം വര്‍ധിക്കുന്ന കോപ്ഡ് രോഗികളുടെ എണ്ണം കണക്കിലെടുത്ത് ഇന്‍ഹേലറുകളും അതിന്റെ ഉപയോഗവും വര്‍ഷങ്ങളിലൂടെ വികസിച്ചു.

സ്‌പേസറോടെയുള്ള ഇന്‍ഹേലര്‍ അല്ലെങ്കില്‍ പുതിയതായി അവതരിപ്പിച്ച വായു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്‍ഹേലറിന് ആവശ്യമായ മരുന്ന്, ആവശ്യമായ ഡോസില്‍ നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിച്ച് വായു സഞ്ചാരം എളുപ്പത്തിലാക്കി കുഴപ്പം കുറയ്ക്കുന്നുവെന്ന് കോഴിക്കോട് മൈത്ര ആശുപത്രിയിലെ ഡോ.കെ.മധു എംബിബിഎസ്, എംഡി, ഡിഎന്‍ബി പറഞ്ഞു.

ആഘാതം കടുത്തതാണെങ്കില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടിവരും. എന്നല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഗുരുതരമാകാതിരിക്കാന്‍ പലതും ചെയ്യാനാകുമെന്നും ഡോക്ടര്‍ പറഞ്ഞു.
നേരത്തെയുള്ള രോഗ നിര്‍ണയം, ശരിയായ ചികില്‍സ, ചികില്‍സ പാലിക്കല്‍, സ്ഥിതി കൃത്യമായി കണക്കാക്കല്‍ തുടങ്ങിയവയെല്ലാം ശ്വാസകോശ ആഘാതം തടയുന്നതില്‍ നിര്‍ണായക നടപടികളാണ്.

Related Articles

Back to top button