KeralaLatestThiruvananthapuram

കൊവിഡ് കാലത്തെ സ്കൂൾ പഠനം; നിബന്ധനകൾ ഇങ്ങനെ

“Manju”

കൊവിഡിനെ തുടർന്നുണ്ടായ 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് നിരവധി നിർദ്ദേശങ്ങളാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്നത്.

സ്കൂൾ തുറക്കുന്നതിൻ്റെ ആദ്യ ഒരു ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാവും ക്ലാസുകൾ ക്രമീകരിക്കുക. ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ ക്ലാസിൽ അനുവദിക്കൂ. കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കൾ പങ്കുവെക്കരുത്. സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ ഉണ്ടാവണം. കുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. പഠിക്കാൻ സ്കൂളിലേക്ക് എത്താൻ കഴിയാത്ത കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം.

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ തുടങ്ങിയവ 2 മണിക്കൂർ കൂടുമ്പോൾ അണുവിമുക്തമാക്കണം. ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂർ, ഉച്ചയ്ക്കുശേഷം 3 മണിക്കൂർ എന്നിങ്ങനെ 2 ഘട്ടങ്ങളായാണ് ക്ലാസുകൾ നിശ്ചയിക്കേണ്ടത്. ആവശ്യമെങ്കിൽ സ്കൂളുകളിൽ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം.

സ്കൂൾ വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്. വാഹനങ്ങളിൽ കയറും മുൻപ് തെർമൽ പരിശോധന നടത്തണം. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകണം. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർ പിന്തുണ നൽകണം.

Related Articles

Back to top button