KeralaLatest

പുതുവത്സര നാളില്‍ ജനങ്ങള്‍ക്കായി 10 പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പുതുവത്സരനാളില്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്കു വേണ്ടി പത്ത് കാര്യങ്ങള്‍ കൂടി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവ സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനോ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വയോധികര്‍ നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഈ ജനുവരി പത്തിനു മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും.

മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങള്‍. ക്രമേണ ഇവര്‍ക്കുള്ള എല്ലാ സേവനങ്ങളും വീട്ടില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ പോയി പരാതി സ്വീകരിച്ച്‌ അധികാരികള്‍ക്ക് എത്തിച്ച്‌ തുടര്‍നടപടികളുടെ വിവരം വിളിച്ച്‌ അറിയിക്കാന്‍ സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും.
65 വയസ്സിനു മുകളിലുള്ള ആളുകള്‍ താമസമുള്ളതും (പ്രത്യേകിച്ച്‌ മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവര്‍) ഭിന്നശേഷിക്കാര്‍ (കാഴ്ചശക്തി, കേള്‍വി, ചലനശേഷി എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍) ഉള്ളതും ആയ വീടുകളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും.

ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങളുടെ ആവശ്യം ഉണ്ടോയെന്ന് അന്വേഷിച്ച്‌ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. ഈ പരിപാടി ജനുവരി 15ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കളക്ടര്‍മാരും ഈ പരിപാടി ഏകോപിപ്പിക്കും.പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കുന്നതിന് പലപ്പോഴും കഴിയാതെ വരുന്നെന്ന പോരായ്മ പരിഹരിക്കാനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ ‘എമിനന്‍റ് സ്‌കോളേഴ്സ് ഓണ്‍ലൈന്‍’ എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്ബത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്സര്‍വ്വകലാശാലകളിലെ ബിരുദബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും.

ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ (സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറികളില്‍/ ഓഡിറ്റോറിയങ്ങളില്‍) ഇവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്സ് പോലുള്ള ചാനലുകള്‍ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ഈ പരിപാടി. ആദ്യ പ്രഭാഷണം ജനുവരിയില്‍ നടത്തും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള) കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധന സഹായ പദ്ധതിപ്രകാരം നല്‍കും. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളില്‍ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക.

അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുള്ളതിനാല്‍ ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കും. അഴിമതിയെക്കുറിച്ച്‌ വിവരം ലഭ്യമാക്കുന്ന ആളിന്റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ് വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്ബിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക.

വിവരം നല്‍കുന്ന ആളുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്‍റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികള്‍ സോഫ്റ്റ്യെറില്‍ ശേഖരിച്ച്‌ അതിന്റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ക്കായി ഈ അതോറിറ്റി കൈമാറും. വിജിലന്‍സ്/ വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും. ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ടശേഷമാണ് അനുമതി നല്‍കുക. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ശാസ്ത്രീയമായ ഫില്‍ട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല. സത്യസന്ധമായ സിവില്‍ സര്‍വീസും പൊതുസേവന രംഗവും വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തില്‍ നാഴികക്കല്ലായിരിക്കും ഈ പരിപാടി.

കുട്ടികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത സമൂഹത്തെ വളരെയധികം അലോസരപ്പെടുത്തുന്നു. ഈ വിഷയം വിശകലനം ചെയ്ത വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നിലവില്‍ 1024 സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ എണ്ണം ഇരട്ടിയാക്കും. കൗണ്‍സലര്‍മാരുടെ സമയോചിതമായ ഇടപെടല്‍ ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്ന കുട്ടികളുടെ മാനസിക നില ശരിയായി നിലനിര്‍ത്തുന്നതിന് സഹായകരമാകും. കൗണ്‍സലര്‍മാരുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. മാസത്തില്‍ രണ്ടു തവണ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ ബ്ലോക്ക് തലത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കായുള്ള കൗണ്‍സലിങ് സേവനവും ലഭ്യമാക്കും.

സ്‌കൂളുകളില്‍ 20 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. കുട്ടികളുടെ കുടുംബസാഹചര്യം ഉള്‍പ്പെടെ മനസ്സിലാക്കി വേണ്ട ശ്രദ്ധയും പരിഗണനയും നല്‍കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തും. ഇതിനായി സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍ എന്നിവര്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്‍റ്മെന്‍റ് പ്രകാരം ഇവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും സാധ്യമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിനിടെ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്ന സംവിധാനമുണ്ടാക്കും. സ്ത്രീകള്‍ ഇതില്‍ പരാതി പറയാനായി ഓഫീസുകളില്‍ നേരിട്ട് പോകേണ്ട ആവശ്യം ഉണ്ടാകില്ല.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ 201920 പ്രകാരം സംസ്ഥാനത്തെ 39.4 ശതമാനം കുട്ടികള്‍ക്ക് അനീമിയ ഉണ്ട്. ദേശീയ ശരാശരി 60.2 ശതമാനമാണ്. അനീമിയ കുറച്ചുകൊണ്ടുവരാനായി പ്രത്യേക പരിപാടി ആരംഭിക്കും. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ എത്രപേര്‍ക്ക് അനീമിയ ഉണ്ട് എന്ന പരിശോധന തദ്ദേശ സ്ഥാപനങ്ങളുടെ തലത്തില്‍ നടത്തും. അങ്കണവാടിയിലെ ജീവനക്കാര്‍ക്ക് അടക്കം ഈ ലളിതമായ പരിശോധന നടത്താനുള്ള പരിശീലനം നല്‍കും.

കൗമാരപ്രായക്കാരില്‍ ഹീമോഗ്ലോബിന്‍ അളവ് ഡെസിലിറ്ററിന് 12 ഗ്രാമെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 15നു മുമ്ബ് സംസ്ഥാനതലത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പരിശോധന പൂര്‍ത്തിയാക്കും. വിളര്‍ച്ച ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി ഫെബ്രുവരിയില്‍ തന്നെ ഉണ്ടാകും. കടുത്ത രീതിയില്‍ വിളര്‍ച്ച ബാധിച്ച കുട്ടികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. വനിതശിശുക്ഷേമ വകുപ്പ് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിമിതികള്‍ക്കുള്ളിലും പരമ്ബരാഗത നിര്‍മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി സൗഹൃദമായ ചില ഘടകങ്ങള്‍ ഉപയോഗിച്ച്‌ നടത്തുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കും. മരംമുറിക്കല്‍ ഒഴിവാക്കുക, നിലംനികത്തല്‍ ഒഴിവാക്കുക, സാധ്യമാകുന്നത്ര പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജലസ്രോതസുകളും കുടിവെളള ആവശ്യത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിലനിര്‍ത്തുക എന്നിങ്ങനെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രകൃതിസൗഹൃദ നിര്‍മാണ രീതി അവലംബിക്കുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം ‘ഗ്രീന്‍ റിബേറ്റ്’ അനുവദിക്കും.

ഇതിനായുള്ള മാനദണ്ഡങ്ങളും റിബേറ്റിന്റെ ശതമാനവും പരിസ്ഥിതിധനകാര്യ വകുപ്പുകളുമായി ആലോചിച്ച്‌ തദ്ദേശ സ്വയംഭരണ വകുപ്പ് 2021 ജനുവരി മാസത്തില്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. കൃത്യമായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്വയം സാക്ഷ്യപ്പെടുത്തുന്ന തെളിവുകളോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ അനുവദിക്കുന്നതിനുമുമ്ബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും ഇന്‍സ്പെക്ഷനും ഉണ്ടാകുന്നതല്ല. എന്നാല്‍ അപേക്ഷകളുടെ റാന്‍റം സെലക്ഷന്‍ നടത്തി ഒരു ഉദ്യോഗസ്ഥ സമിതി പരിശോധന നടത്തും. രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയാല്‍ റിബേറ്റ് പിഴയോടുകൂടി തിരിച്ചടക്കേണ്ടിവരും.

പ്രാദേശികതലത്തില്‍ ആളുകള്‍ക്ക് പ്രഭാതസായാഹ്ന സവാരി നടത്താനും കുട്ടികള്‍ക്ക് കളിക്കാനും പൊതുഇടങ്ങള്‍ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്ബ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഉള്ള പൊതുഇടങ്ങള്‍ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്നുണ്ടെങ്കില്‍ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം വിനിയോഗിച്ച്‌ വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി ഈ പരിപാടി വ്യാപിപ്പിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വില്ലേജുകളിലും ഒരു പൊതു ഇടമെങ്കിലും ഉണ്ടായിരിക്കണം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വയോജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലങ്ങള്‍ പലയിടത്തും ഇപ്പോഴുണ്ട്. അത് വ്യാപിപ്പിക്കും. പ്രാദേശികമായി എല്ലാ വയോജനങ്ങള്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകമായി സമയം ചെലവഴിക്കാന്‍ പറ്റുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നത്. ‘സത്യമേവ ജയതേ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍റര്‍നെറ്റിനെയും സ്മാര്‍ട്ട്ഫോണിനെയും ആശ്രയിക്കുന്നതിന്റെ തോത് വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. ഇന്‍റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പൗരന്‍മാര്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. മുന്നിലെത്തുന്ന സത്യവും അസത്യവും വേര്‍തിരിക്കാനുള്ള കഴിവുണ്ടാവുകയാണ് പ്രധാനം.

ഡിജിറ്റല്‍ മീഡിയയെക്കുറിച്ച്‌ സ്‌കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും. ഇതിനായി പാഠ്യപദ്ധതി വികസിപ്പിക്കാന്‍ സ്‌കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കും. പ്രവാസിക്ഷേമത്തിനും പദ്ധതി നടപ്പാക്കും. കോവിഡ് മഹാമാരിയുടെ ഗുരുതരമായ പ്രത്യാഘാതം വളരെയധികം അനുഭവിച്ചവരാണ് നമ്മുടെ പ്രവാസികള്‍. ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
മടങ്ങിവന്ന പ്രവാസികളില്‍ പലര്‍ക്കും അവര്‍ പിരിഞ്ഞുവന്ന സ്ഥാപനങ്ങളില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.

ഇക്കാരണങ്ങളാല്‍ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കാന്‍ അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങള്‍ പാലിച്ച്‌ വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

vk

The post first appeared on MalayalamExpressOnline.

Related Articles

Back to top button