KeralaLatest

കശുഅണ്ടി ഫാക്ടറികള്‍ ഇനി പഠനമുറികള്‍!

“Manju”

കൊല്ലം : കേരള സംസ്ഥാന കശുഅണ്ടി വികസന കോര്‍പ്പറേഷന് കീഴിലെ 30 ഫാക്ടറികളിലൂടെ പതിനാലായിരത്തോളം പേര്‍ തുടര്‍പഠനത്തിലേക്ക് കാല്‍വയ്ക്കുന്നു. കേരള സംസ്ഥാന സാക്ഷരതാ മിഷനുമായി ചേര്‍ന്നാണ് കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ വിപുലമായ പഠന പരിപാടിക്ക് തുടക്കമിട്ടത്. രാജ്യത്ത് ആദ്യമായി കശുഅണ്ടി ഫാക്ടറികളില്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ഈ പദ്ധതിയിലൂടെ തൊഴിലാളികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. പഠന ക്ലാസുകളുടെ ഉദ്ഘാടനം കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഇടമുളയ്ക്കല്‍ ഫാക്ടറിയില്‍ നിര്‍വഹിച്ചു.വിവിധ കോഴ്സുകളില്‍ വിജയിക്കുന്നവര്‍ക്ക് ഉപരിപഠനത്തോടൊപ്പം ഫാക്ടറിയില്‍ തന്നെ ജോലി നല്‍കുന്നതിനുള്ള പരിപാടികള്‍ക്കും സൗകര്യമൊരുക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ 418 പേര്‍
ആദ്യ ഘട്ടമായി പത്താം തരം തുല്യതാ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്ത 418 പേരാണ് ഇന്നലെ ഫാക്ടറികളിലൊരുക്കിയ ക്ലാസ് മുറികളില്‍ മാസ്കണിഞ്ഞെത്തിയത്. ഓരോരുത്തര്‍ക്കും പ്രത്യേകം ഇരിപ്പിടം ക്രമീകരിച്ച്‌ കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ക്ലാസ് ഒരുക്കിയത്. പഠിതാക്കള്‍ക്ക് സാമ്ബത്തിക ഭാരമില്ലാതെ പ്രത്യേക സഹായത്തോടെയാണ് പഠന പരിപാടിക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. ഓരോ പഠിതാവും ഓരോ കുടുംബം എന്ന നിലയില്‍ ജില്ലയിലെ ഏതാണ്ട് പതിനാലായിരം കുടുംബങ്ങളിലാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത്.
ഉപരിപഠനത്തിനും സൗകര്യം
സാക്ഷരതാ ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വരെയുള്ള പഠനപരിപാടി സാക്ഷരതാ മിഷന്റെ സഹായത്തോടെയാണ് ക്രമീകരിച്ചിട്ടുള്ളത്. തുടര്‍ന്ന് ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സൗകര്യവും ഉറപ്പാക്കും. തൊഴിലിനോടൊപ്പം പഠനവുമെന്ന ആശയം കശുഅണ്ടി ഫാക്ടറി തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്.

Related Articles

Back to top button