KeralaLatest

മോഷണക്കേസില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേര്‍ അറസ്റ്റില്‍

“Manju”

കോഴിക്കോട്: നഗരത്തില്‍ മോഷണവും പിടിച്ചുപറിയും പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. 18 വയസുള്ള രണ്ട് പേരും രണ്ട് കുട്ടികളുമാണ് പിടിയിലായത്. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍, കുറ്റിച്ചിറ സ്വദേശി അര്‍ഫാന്‍, നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.
അര്‍ഫാനാണ് ടീം ലീഡറെന്ന് പൊലീസ് വ്യക്തമാക്കി. നിയമ പരിരക്ഷ കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുക്കളെ അര്‍ഫാന്‍ മോഷണത്തിന് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ ആഡംബര ജീവിതം നയിക്കുന്നതാണ് രീതി.
ഗോവയില്‍ പോയി സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കും. നിശാക്ലബുകളില്‍ സന്ദര്‍ശിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വിലകൂടിയ വസ്ത്രങ്ങളും ഷൂകളും വാങ്ങിയും പണം തീര്‍ക്കുകയാണ് ഇവരുടെ പരിപാടി. കാശ് തീരുന്നതോടെ വീണ്ടും മോഷണത്തിന് ഇറങ്ങും. വളരെ നേരത്തെ വീട്ടില്‍ കയറുകയും രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവീട്ടിറങ്ങി ബൈക്കുകളില്‍ കറങ്ങിയാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വിവിധ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ ഹബ്ബുകളിലും കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളിലും ഇവര്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ബൈക്ക് മോഷണക്കേസുകളിലും പ്രതികളാണ്. പന്നിയങ്കര, കസബ, ചേവായൂര്‍, ടൗണ്‍, മെഡിക്കല്‍ കോളേജ്, ഫറോക്ക് പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ഇരുപത് കേസുകള്‍ക്കാണ് തുമ്പുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button