InternationalLatest

നാടകം തുടർന്ന് പാകിസ്താൻ; കൊടും ഭീകരൻ ഹാഫിസ് സയിദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

“Manju”

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാകിസ്താൻ ഭീകര വിരുദ്ധ കോടതി. ഭീകര പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സ്വന്തം രാജ്യത്തെ ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും സംരക്ഷണയിൽ കഴിയുന്ന കൊടും ഭീകരനെതിരെയാണ് പാക് കോടതിയുടെ അറസ്റ്റ് വാറണ്ട്.

ഭീകര പ്രവർത്തനങ്ങൾക്കായി ജെയ്‌ഷെ മുഹമ്മദ് ഭീകരർ ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് സമർപ്പിച്ച കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നടപടി. മസൂദ് അസറിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ഭീകര വിരുദ്ധ സേനയ്ക്ക് പാക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ മസൂദ് തന്റെ സ്വദേശമായ ബഹവൽപൂരിലെ സുരക്ഷിത കേന്ദ്രത്തിലാണ് താമസമെന്നാണ് റിപ്പോർട്ട്.

ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് നിരീക്ഷിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണ് നിലവിൽ പാകിസ്താനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്ന് പുറത്തുകടക്കാനായി പാകിസ്താന്റെ ഭാഗത്തുനിന്നും പല നീക്കങ്ങളും ഉണ്ടാകുന്നുണ്ട്. മസൂദ് അസറിനെതിരായ അറസ്റ്റ് വാറണ്ടും അത്തരത്തിലൊരു നാടകമാണെന്നാണ് വിലയിരുത്തൽ.

മുംബൈ ഭീകരാക്രമണത്തിൻറെ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്ബ കമാൻഡറുമായ സാക്കി ഉർ റഹ്മാൻ ലഖ്‌വി പാകിസ്താനിൽ അറസ്റ്റിലായെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ഭീകര വിരുദ്ധ വകുപ്പ് ലഖ്‌വിയെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇയാളെ എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

2018 ജൂണിലാണ് എഫ്എടിഎഫ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. 2019 അവസാനത്തോടെ കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം എന്നിവയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് എഫ്എടിഎഫ് പാകിസ്താൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാനുള്ള കാലാവധി പിന്നീട് പാകിസ്താന് നീട്ടിനൽകി.

Related Articles

Back to top button