SportsUncategorized

‌ കോസ്റ്റയില്ല; ഒഡിഷയ്ക്കെതിരെയും ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ പ്രതിരോധം

“Manju”

പനജി∙ കോസ്റ്റ– കോനെ കൂട്ടുകെട്ട് ഒഴിവാക്കി പ്രതിരോധത്തിൽ ഇന്ത്യൻ താരങ്ങളുമായ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിനെതിരെ ഫലപ്രദമായി വിനിയോഗിച്ച തന്ത്രമാണ് കോച്ച് കിബു വികുന വീണ്ടും പരീക്ഷിക്കുന്നത്. ജെസ്സൽ കർനെയ്റോ– അബ്ദുൽ ഹക്കു–സന്ദീപ് സിങ്– നിഷുകുമാർ എന്നിവരെയാണ് പ്രതിരോധത്തിന്റെ ചുമതല വീണ്ടും ഏൽപിച്ചിരിക്കുന്നത്. മലയാളി താരം രാഹുൽ കെ.പിയും പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.

നിലവിലെ ഫോം കണക്കാക്കിയാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു ‘റൂട്ട് മാർച്ച്’ നടത്താവുന്ന നിലയിലാണ് ഒഡീഷ എഫ്സി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ. എട്ടു മത്സരങ്ങളിലും ആറിലും പരാജയം നേരിട്ട ടീമിനു രണ്ടു സമനില വഴി നേടിയ രണ്ടു പോയിന്റാണു സമ്പാദ്യം. ഗോൾ നേട്ടത്തിൽ ഏറ്റവും പിന്നിലും വഴങ്ങുന്നതിൽ മുന്നിലും നിൽക്കുന്ന ഒഡീഷയ്ക്കെതിരെ ജയത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ലാതെയാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

പരുക്കുമാറിയെത്തിയ സ്ട്രൈക്കർ ഗാരി ഹൂപ്പർ പകരക്കാരുടെ പട്ടികയിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവൻ– ആൽബിനോ ഗോമസ് (ഗോളി), സന്ദീപ് സിങ്, അബ്ദുൽ ഹക്കു, നിഷു കുമാർ, ജെസ്സൽ കർനെയ്റോ (ക്യാപ്റ്റൻ), ജോസ് വിസെന്റെ ഗോമസ്, ജീക്സൻ സിങ്, സഹൽ, ഫകുണ്ടോ പെരേര, രാഹുൽ കെ.പി., ജോർദാൻ മറെ.

എട്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനു ഗോൾ സ്കോറിങ്ങിന്റെ കാര്യത്തിലാണു പ്രശ്നങ്ങൾ. മുംബൈയ്ക്കെതിരെ തുടക്കത്തിലെ രണ്ടു ഗോൾ വഴങ്ങിയിട്ടും കുലുങ്ങാതെ തുടരാക്രമണങ്ങൾ നടത്തിയ ഗെയിം പ്ലാൻ ഗോളൊഴികെയുള്ള കാര്യങ്ങളിൽ ആധിപത്യം സമ്മാനിച്ചതു ശുഭസൂചനയാണ്. ഇന്നും അതാവർത്തിക്കുമെന്ന സൂചനയാണു പരിശീലകൻ പങ്കുവയ്ക്കുന്നത്. മധ്യനിരയിൽ വിസെന്റെ ഗോമസ് – ഫക്കുണ്ടോ പെരേര കൂട്ടുകെട്ടിനെ ചുറ്റിപ്പറ്റിയാകും ഇന്നും ബ്ലാസ്റ്റേഴ്സിന്റെ കളി.

ഇംഗ്ലിഷ് പരിശീലകൻ സ്റ്റുവർട്ട് ബാക്സ്റ്ററിനു കീഴിലെത്തുന്ന ഒഡീഷയും വിജയം അനിവാര്യമായ നിലയിലാണ്. ഡിയേഗോ മൗറീസിയോ, മാർസെലീഞ്ഞോ, മാനുവൽ ഓൻവു തുടങ്ങിയ വിദേശ ആക്രമണനിരയും ഇന്ത്യൻ യുവതാരങ്ങളും അടങ്ങുന്ന ടീം ആദ്യജയത്തിന്റെ അന്വേഷണത്തിലാണ്. ടീമെന്ന നിലയിൽ ഒത്തിണക്കം കാട്ടുന്നുവെങ്കിലും ഗോളടിക്കാനാകാത്തതാണ് ഒഡിഷയുടെയും പ്രശ്നം.

Related Articles

Back to top button