KeralaLatestSports

ആവേശകരമായ ആദ്യപകുതി പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്‌സും ജംഷേദ്പുരും സമനിലയില്‍ (1-1)

“Manju”

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷേദ്പുര്‍ മത്സരം ആദ്യപകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും സമനിലയില്‍. ബ്ലാസ്‌റ്റേഴ്‌സും ജംഷേദ്പുരും ഓരോ ഗോള്‍ വീതം നേടി. ബ്ലാസ്‌റ്റേഴ്‌സിനായി കോസ്റ്റയും ജംഷേദ്പുരിനായി വാല്‍സ്‌കിസും ഗോള്‍ നേടി.

മത്സരം തുടങ്ങി ആദ്യ മിനിട്ടുകളില്‍ തന്നെ ആക്രമിച്ച് കളിക്കാന്‍ ഇരുടീമുകളും ശ്രദ്ധിച്ചു. ആദ്യ മിനിട്ടുകളില്‍ തന്നെ മികച്ച ആക്രമണം പുറത്തെടുത്ത ജംഷേദ്പുരിന് മികച്ച അവസരം ലഭിച്ചു. കിക്കെടുത്ത അനികേത് ജാദവിന്റെ കിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റില്‍ തട്ടിത്തെറിച്ചു.

11-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു തകര്‍പ്പന്‍ കളി പുറത്തെടുത്തു. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ഗ്യാരി ഹൂപ്പര്‍ പന്തുമായി ജംഷേദ്പുര്‍ ബോക്‌സിലേക്ക് ഇരച്ചുകയറി. ഹൂപ്പറുടെ അത്യുഗ്രന്‍ പാസ് സ്വീകരിച്ച ജോര്‍ദാന്‍ മറെ ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിരുന്ന പോസ്റ്റിന് മുകളിലൂടെ പന്ത് അടിച്ചുകളഞ്ഞു. അനായാസേന ഗോള്‍ നേടാനാകുന്ന അവസരമാണ് താരം നശിപ്പിച്ചത്.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വിഭിന്നമായി മികച്ച ആക്രമണമാണ് ആദ്യ മിനിട്ടുകളില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ഹൂപ്പറും പെരേരയും മറെയും സഹലുമെല്ലാം നിരന്തരം ജംഷേദ്പുര്‍ ഗോള്‍മുഖത്ത് ആക്രമിച്ച് കളിച്ചു. 14-ാം മിനിട്ടില്‍ വീണ്ടും മറെയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് മുതലാക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ആക്രമിച്ച് കളിച്ചതോടെ ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹ്നേഷ് ശരിക്കും വിയര്‍ത്തു.

ബ്ലാസ്‌റ്റേഴ്‌സിന്റെ നിരന്തര ആക്രമണങ്ങളുടെ ഫലമായി 22-ാം മിനിട്ടില്‍ ടീം ഗോള്‍ നേടി.  പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് ടീമിനായി ഗോള്‍ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. മികച്ച ആക്രമണം പുറത്തെടുത്തതിന്റെ ഭാഗമായാണ് ഗോള്‍ പിറന്നത്. മധ്യനിരതാരം ഫക്കുണ്ടോ പെരേരയുടെ ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കിക്ക് സ്വീകരിച്ച കോസ്റ്റ തലകൊണ്ട് പന്തിനെ പോസ്റ്റിലേക്ക് ചെത്തിയിട്ടു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ന് മുന്നിലെത്തി.

ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ച കളിച്ച ജംഷേദ്പുര്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ഇരച്ചുകയറി. പിന്നാലെ അനികേത് ജാദവ് ഒരു തകര്‍പ്പന്‍ ഷോട്ടെടുത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് അത് വിദഗ്ധമായി ഒരു മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി.

പിന്നാലെ വീണ്ടും ജംഷേദ്പുര്‍ ആക്രമിച്ചു. ഇത്തവണ മോണ്‍റോയാണ് ബോക്‌സിനകത്തേക്ക് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ ബോക്‌സിന് വെളിയില്‍ വെച്ച് താരത്തെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. 36-ാം മിനിട്ടില്‍ കിക്കെടുത്ത വാല്‍സ്‌കിസ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തിനെ അനായാസം പറഞ്ഞുവിട്ടു. ആല്‍ബിനോ നന്നായി ശ്രമിച്ചെങ്കിലും പന്ത് തടുക്കാനായില്ല. വാല്‍സ്‌കിസിന്റെ ഈ സീസണിലെ ഏഴാം ഗോളാണിത്. തകര്‍പ്പന്‍ ഫ്രീകിക്കാണ് വാല്‍സ്‌കിസ് എടുത്തത്. സീസണില്‍ ഇത് അഞ്ചാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്ത ശേഷം ഗോള്‍ വഴങ്ങുന്നത്.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ വീണ്ടും മറെയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ രഹ്നേഷ് തട്ടിയകറ്റി.

 

Related Articles

Back to top button