KeralaLatest

തരിശുഭൂമിയിൽ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൈക്കാട്ടുശ്ശേരി : കുറവപാടത്ത് ഇക്കുറി പൊന്നു വിളഞ്ഞു. 20 വർഷങ്ങൾക്കു മുകളിൽ തരിശുകിടന്ന ഭൂമിയെ കൃഷിയോഗ്യമാക്കിയതിന് പിന്നിൽ തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതിയുടെയും സർക്കാരിന്റെയും അദ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയുണ്ട്.

മികച്ച വിളവിന്റെ സംതൃപ്തിക്കൊപ്പം തൈക്കാട്ടുശ്ശേരി മട്ട എന്നപേരിൽ
ജൈവഅരി വിപണിയിലെത്തിച്ചതിന്റെ അഭിമാനത്തിലാണ് തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതി.

അരിയുടെ പുതിയ ബ്രാൻഡിന്റെ പ്രകാശനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. തൈക്കാട്ട്ശ്ശേരി ചാത്തംകുളങ്ങര ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ഗവൺമെൻറ് ചീഫ് വിപ്പ് കെ രാജൻ അധ്യക്ഷനായി.

33 മേനി വിളവാണ് 20 ഏക്കറോളം വരുന്ന പാടത്ത്നിന്നും ഇത്തവണ ലഭിച്ചത്. 25 കർഷകരുടെ കൂട്ടായ്മയാണ് തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതി.
4 വർഷം മുൻപാണ് വീണ്ടും കൃഷി ചെയ്യാനുള്ള ശ്രമം കൃഷിവകുപ്പിന്റെയും സമിതിയുടെയും നേതൃത്വത്തിൽ ഇവിടെ ആരംഭിച്ചത്. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയും ഈ നേട്ടത്തിന് പിന്നിലുണ്ട്.

തവിട് കളഞ്ഞതും തവിടോട് കൂടിയതുമായി രണ്ട് തരം അരിയാണ് തൈക്കാട്ട്ശേരി ബ്രാന്റിന് കീഴിൽ ഇറക്കുന്നത്. 127 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഉമ, 96 ദിവസംകൊണ്ട് വിളവെടുക്കാവുന്ന മനുരത്ന എന്നീ വിത്തുകളാണ് ഇവിടെ കൃഷി ചെയ്തത്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ് മനുരത്ന എന്ന നെൽവിത്ത്.

നെൽ കൃഷി ആദായകരമാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഗവൺമെൻറ് തലത്തിൽ എടുക്കുമെന്ന് ഉദ്ഘാടന വേളയിൽ കൃഷിമന്ത്രി ഉറപ്പുനൽകി.

വർഷത്തിൽ 365 ദിവസവും ഇവിടെ കൃഷിയിറക്കുക എന്നതാണ് കർഷക സമിതിയുടെ അടുത്ത ലക്ഷ്യം. ഇതിന് ആവശ്യമായ ജലസേചന സൗകര്യങ്ങൾ കെ എൽ ഡി സി യുമായി ചർച്ചചെയ്ത് ഒരുക്കുമെന്ന് ചീഫ് വിപ്പ് പറഞ്ഞു. നെല്ലിനു പുറമേ ചെറുധാന്യങ്ങൾ കൂടി കൃഷി ചെയ്യാനാണ് സമിതിയുടെ പദ്ധതി.

പ്രസിഡൻ്റ് സുന്ദരൻ കൈത്തു വളപ്പിൽ, സെക്രട്ടറി വിനീഷ് പി. മേനോൻ, വിനോദ് എ റോളി എന്നിവരാണ് സമിതിയെ നയിക്കുന്നത്. തൈക്കാട്ടുശ്ശേരി ഡിവിഷൻ കൗൺസിലർ സി പി പോളി പുല്ലൂർ കൃഷിഭവൻ ഓഫീസർ  രേഷ്മ, ചാത്തൻകുളങ്ങര ക്ഷേത്രം മേൽശാന്തി ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button