KeralaLatest

വാക്സിന്‍ സംസ്ഥാനത്ത് എപ്പോഴെത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: വാക്സിന്‍ സംസ്ഥാനത്ത് എപ്പോഴെത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി 16 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് എന്ന് വിതരണം ചെയ്യുമെന്നതില്‍ അന്തിമ തീരുമാനം പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചു.

ഇതുവരെ 3,54,897 പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും വാക്സിനേഷന്‍ ഏത് രീതിയിലാണ് നടപ്പിലാക്കുന്നതെന്നും, എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കേണ്ടത് എന്നും വിശദീകരിക്കുകയാണ് വര്‍ക്ക്ഷോപ്പിലെ പ്രധാന ഉദ്ദേശം. വാക്സിന്‍ സൂക്ഷിക്കാന്‍ തയ്യാറാക്കിയിട്ടുള്ള കോള്‍ഡ് സ്റ്റോറേജ് പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍ എടുക്കുമ്ബോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ശില്‍പ്പശാലയില്‍ വിശദീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ ഏകോപനത്തില്‍ ആരോഗ്യകേരളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തോടെ മാത്രമേ വാക്സിനേഷന്‍ മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂയെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസം വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്.

Related Articles

Back to top button