IndiaInternationalLatest

കടലില്‍ തകര്‍ന്ന് വീണ ഇന്തൊനീഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

“Manju”

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ ജാവ കടലില്‍ തകര്‍ന്നു വീണ യാത്ര വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. തിരച്ചില്‍‌ നടക്കുന്ന സ്ഥലത്തു നിന്ന് ബ്ലാക്ക് ബോക്സുകള്‍ ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധര്‍ പുറത്തെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
‘കടലില്‍ എവിടെയാണ് ബ്ലാക്ക് ബോക്സുകള്‍ ഉള്ളതെന്ന് ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തുന്നുണ്ട്. ഉടന്‍തന്നെ അവ കണ്ടെത്തിക്കൊണ്ടു വരുമെന്നാണു പ്രതീക്ഷ’ – ഇന്തൊനീഷ്യന്‍ ഗതാഗത സുരക്ഷാ കമ്മിറ്റിയുടെ തലവന്‍ സര്‍ജാന്റോ ജാജോനോ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി. വിമാനത്തിന്റെ പുറംചട്ടയുടെ ഭാഗവും ചക്രവും കണ്ടെത്തിയിട്ടുണ്ട്. അതു പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍പെട്ട ഒരാളും രക്ഷപെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള തിരച്ചിലില്‍ നിന്നു ലഭ്യമാകുന്ന വിവരം. തിരച്ചില്‍ നടത്തുന്ന ഏജന്‍സിയില്‍ നിന്ന് രണ്ട് ബാഗുകള്‍ ലഭിച്ചതായി ജക്കാര്‍ത്ത പൊലീസ് വക്താവ് യുസ്‍രി യൂനുസ് പ്രതികരിച്ചു. ആദ്യത്തെ ബാഗില്‍ യാത്രക്കാരുടെ സാധനങ്ങളാണ്. രണ്ടാമത്തേതില്‍ ശരീര ഭാഗങ്ങളും. സാധനങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ജക്കാര്‍ത്ത പൊലീസ് അറിയിച്ചു.
ജക്കാര്‍ത്തയില്‍ നിന്ന് കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന ശ്രീവിജയ എയര്‍ ബോയിങ് 737 വിമാനമാണ് 62 യാത്രക്കാരുമായി കാണാതായത്. വിമാനത്തിന്റെ ഭാഗങ്ങള്‍ ജാവ കടലില്‍ പിന്നീടു കണ്ടെത്തി. ശനിയാഴ്ച രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ആരംഭിച്ചിരുന്നു. തിരച്ചിലില്‍ സഹായിക്കാനായി നാലു വിമാനങ്ങളും രംഗത്തുണ്ട്.

Related Articles

Back to top button