
സിന്ധുമോൾ. ആർ
ഉപ്പള: ജോലിക്കിടെ കുഴഞ്ഞു വീണ മംഗല്പാടി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് നല്‍കിയില്ലെന്ന് ആരോപണം. മംഗല്പാടി ജനകീയവേദിയാണ് ആരോപണവുമായി രംഗത്ത് വന്നത്. കുഴഞ്ഞു വീണ തിരുവനന്തപുരം സ്വദേശിയായ റിജോയ് ആണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി മംഗല്‍പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തുവരുകയായിരുന്ന അദ്ദേഹം അവധി കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയതായിരുന്നു. മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ 108 ആംബുലന്‍സ് സ്ഥലത്തുണ്ടായിരുന്നിട്ടും കുഴഞ്ഞു വീണ ഇന്‍സ്പെക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നാണ് പരാതി. അര മണിക്കൂറിനു ശേഷം സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് എത്തിയാണ് മംഗലാപുരത്ത് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . വിഷയം അന്വേഷിച്ച് ബന്ധപ്പെട്ടവരില്‍നിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മംഗല്പാടി ജനകീയ വേദി ആവശ്യപ്പെട്ടു.