KeralaLatestThrissur

ഉണര്‍വിന്റെ പാതയില്‍ കയര്‍ സഹകരണ സംഘങ്ങള്‍

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂര്‍ : ഉണര്‍വിന്റെ പാതയിലാണ് ജില്ലയിലെ കയര്‍ സഹകരണ സംഘങ്ങള്‍. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നല്‍കിയതും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ചതുമാണ് തുണയായത്. തൊഴിലാളികളുടെ അദ്ധ്വാനം കുറച്ച് യന്ത്രവത്കരണത്തിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ തൃശൂരും കോഴിക്കോടും മാത്രമാണ് 90 ശതമാനവും ചകിരി സ്വന്തമായി ഉത്പാദിപ്പിക്കുന്ന ജില്ലകള്‍.

2017 ലെ കയര്‍ കേരളയില്‍ ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക് പ്രഖ്യാപിച്ച രണ്ടാം കയര്‍ പുനസംഘടനയിലൂടെ കയര്‍മേഖലയ്ക്ക് പുതിയ മുഖച്ഛായ കൈവന്നു. പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ ആധുനിക വ്യവസായമായി മാറ്റുന്നതിലൂടെ പുതുതലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചു. റാട്ടുകള്‍ പൂര്‍ണമായും യന്ത്രവത്കരിച്ചതോടെ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉത്പാദനം നടത്താനും കഴിയുന്നുണ്ട്. ‘കയര്‍ കേരള’യ്ക്ക് ശേഷം 2017 ഡിസംബര്‍ പത്തിന് ജില്ലയില്‍ ആദ്യത്തെ ചകിരി മില്‍ ചാപ്പാറ കയര്‍ സംഘത്തില്‍ സ്ഥാപിച്ചു കൊണ്ടാണ് ആധുനിക കയര്‍ വ്യവസായത്തിന് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് 2018 -19 കാലയളവില്‍ തൃശൂര്‍ കയര്‍ പ്രോജക്ട് പരിധിയിലുള്ള ഒമ്പത് കയറുപിരി സംഘങ്ങളില്‍ ചകിരി മില്ലുകള്‍ സ്ഥാപിച്ച് ആവശ്യമായ ചകിരിനാരില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ആദ്യ നടപടി സ്വീകരിച്ചു. തുടര്‍ന്ന് ഘട്ടംഘട്ടമായി ഓരോ സംഘത്തിനും മെച്ചപ്പെട്ട ഉല്‍പാദനം കൈവരിക്കുന്നതിന് ആവശ്യമായ വില്ലോവിംഗ് മെഷീന്‍, ബെയിലിംഗ് പ്രസ്സ്, വെയിംഗ് ബാലന്‍സ്, ഇലക്ട്രോണിക് റാട്ട്, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ മുതലായ ആധുനിക മെഷിനറികളും വിതരണം ചെയ്തു. 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ മേഖലയില്‍ മൂന്നും കുടുംബശ്രീ മുഖേന രണ്ടും ചകിരി മില്ലുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചു. 2020ല്‍ പൂട്ടിക്കിടന്ന മാള ഡി എഫ് നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

13 കയര്‍ സഹകരണ സംഘങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3.6 കോടി രൂപയുടെ ധനസഹായം ലഭിക്കുകയും അത് പൂര്‍ത്തീകരിക്കുന്നതിന് വേണ്ട പ്രവൃത്തികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. 2020- 21 സാമ്പത്തികവര്‍ഷം സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 8 സംഘങ്ങളായി 90 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ സ്ഥാപിച്ച് ഫാക്ടറി മോഡല്‍ ഉല്‍പാദനം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യമുളള നാല് സംഘങ്ങളില്‍ കൂടി ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ സ്ഥാപിച്ച് ഫാക്ടറി മോഡല്‍ ഉല്‍പാദനത്തിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്. കൊടുങ്ങല്ലൂര്‍, കാവില്‍ കടവ്, ചെമ്മാപ്പിള്ളി, പറമ്പിക്കുളം എന്നീ കയര്‍ സംഘങ്ങളിലേക്കാണ് പുതിയതായി ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നത്.

2016 മുതല്‍ 2020 ഡിസംബര്‍ 31 വരെ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ക്ക് 450 ലക്ഷം രൂപയും, ഡീഫൈബറിംഗ് മെഷീനുകള്‍ക്ക് 250 ലക്ഷം രൂപയും ഇലക്ട്രോണിക് റാട്ടുകള്‍ക്കായി 6.05 ലക്ഷം രൂപയും വില്ലോയിംഗ് മെഷീനുകള്‍ക്ക് 65.5 ലക്ഷം രൂപയും കെട്ടിട നിര്‍മാണത്തിനായി 386.738 ലക്ഷം രൂപയും അനുവദിച്ചു. തുടര്‍ന്ന് 2021 ജനുവരി ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ക്ക് മാത്രമായി 150 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കയര്‍ പ്രോജക്ട് ഓഫീസര്‍ സി ആര്‍ സോജന്‍ പറയുന്നു.

Related Articles

Back to top button