KeralaLatest

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ കൂടെചാടി:ഫയര്‍ഫോഴ്‌സ് എത്തി മൂവരെയും കരയിലെത്തിച്ചു.

“Manju”

എറണാകുളം : മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണ നാലു വയസുകാരിയെ രക്ഷിക്കാന്‍ ഒപ്പം ചാടി മൂന്നുപേര്‍. കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളുമാണ് കിണറ്റില്‍ ചാടിയത്. എറണാകുളം പെരുവ സ്വദേശി രാഹുലിന്റെ വീട്ടിലാണ് സംഭവം.
പുതുതായി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ നാലുവയസുകാരി മകള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ രാഹുല്‍ ആദ്യം കിണറ്റിലേക്ക് എടുത്ത് ചാടി. കുട്ടിയെ എടുത്തുയര്‍ത്തി കിണറ്റില്‍ അള്ളിപ്പിടിച്ച്‌ കിടന്നു.
ഇതിനിടെ ഇവരെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ ബന്ധുക്കളായ ഉണ്ണിക്കൃഷ്ണനും നിഥിലും കിണറ്റില്‍ കുടുങ്ങി. 30 അടി താഴ്ചയുള്ള കിണറ്റില്‍ 7 അടിയോളം വെള്ളം ഉണ്ടായിരുന്നു.
എല്ലാവരും കിണറ്റില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ഫയര്‍ ഓഫിസര്‍ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. വല ഉപയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരുക്കില്ല.

Related Articles

Back to top button