IndiaLatestUncategorized

ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ സന്ദീപ് ജി വാര്യര്‍

“Manju”

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു പാട് സുന്ദരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പരമ്പരയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം……………………..

വിരാട് കോലിയില്ല, ജസ് പ്രീത് ബുമ്രയില്ല, ഷാമിയില്ല, ജഡേജയില്ല
കൈമുതലായുള്ളത് രഹാനെയെന്ന വളരെ ശാന്തനായ ഒരു നായകന്റെ ആത്മവിശ്വാസവും ഒരു പിടി കളിക്കാരുടെ പോരാട്ട വീര്യവും ..അതു മതിയായിരുന്നു ടീം ഇന്ത്യക്ക് കങ്കാരുക്കളുടെ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍. ബ്രിസ്ബെയ്നിലെ കലാശ ദിനം ഇന്ത്യയുടെ മുഖത്തിന് പ്രസന്നതയും ഊര്‍ജവും നല്‍കിയ ശുഭ്മാന്‍ ഗില്ലിനും പൂജാരയ്ക്കും നിറഞ്ഞ കൈയടി.

എന്നാല്‍ അതിലേറെ പ്രശംസയും ആശ്ലേഷവും അര്‍ഹിക്കുന്ന രണ്ടു പേര്‍, അത് ഋഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറുമാണ്. ഒരു പക്ഷേ സമനിലയിലേക്ക് പോകാമായിരുന്ന ടെസ്റ്റിനെ വിജയത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയത് ഇരുവരുടെയും ഇന്നിങ്സുകളാണ്. 55 പന്തില്‍ 53 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ ഇന്ത്യ സ്വന്തമാക്കിയത്. അശ്രദ്ധയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും പേരില്‍ ഏറെ പഴി കേട്ട താരമാണ് ഋഷഭ് പന്ത് . എന്നാല്‍ 89 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ വിജയ സോപാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു പന്ത് . അവസാന നിമിഷം 2 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും പന്ത് അപ്പോഴേക്കും ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചിരുന്നു.

വരും കാല ഇന്ത്യയെ ദുര്‍ഘട സന്ധിയില്‍ കരകയറ്റാന്‍ ഈ മിടുക്കന്‍ പന്തിനാകുമെന്ന് ഉറപ്പിക്കാം. ഗാബയില്‍ പ്രശംസയര്‍ഹിക്കുന്ന മറ്റൊരാളാണ് മുഹമ്മദ് സിറാജ്. കരിയറില്‍ ആദ്യമായി അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ സിറാജിന്റെ മികവാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസ് ചെറിയ സ്കോറിലൊതുങ്ങിയത്. സ്വന്തം പിതാവിന്റെ മരണം വരുത്തി വച്ച വേദനയ്ക്കു നടുവില്‍ നിന്നാണ് സിറാജ് ഭാരതത്തിനായി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ ബൗളിങ്ങിന്റെ പതാക വഹിക്കാന്‍ ഈ ചെറുപ്പക്കാരനാകും. അഭിനന്ദനങ്ങള്‍ സിറാജ്.

ഈ വിജയവും മത്തുപിടിപ്പിക്കാതെ ടീമിന്റെ സ്പിരിറ്റിനൊപ്പം തോളു ചേര്‍ത്തുവച്ച്‌ മുന്നില്‍ നിന്നു നയിച്ച രഹാനെ, നീ ഇന്ത്യയുടെ സൗഭാഗ്യമാണ്. ഈ ടെസ്റ്റ് വിജയവും പരമ്പര നേട്ടവും എക്കാലവും ഓര്‍ത്തു വയ്ക്കാം.. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു പാട് സുന്ദരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പരമ്ബരയായിരുന്നു ഇത്. ഓസീസിനെ അവരുടെ നാട്ടില്‍ ചെന്ന് നാം പരാജയപ്പെടുത്തിയിരിക്കുന്നു. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി നമുക്ക് തന്നെ സൂക്ഷിക്കാം..
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടവും നമുക്ക് സ്വപനം കാണാം.

കുഡോസ് ടീം ഇന്ത്യ…

പൊളിച്ചു മക്കളേ ….

Related Articles

Back to top button