IndiaKeralaLatest

സ്വന്തം വിവാഹം വീഡിയോകോളില്‍ കണ്ട് വരന്‍, വരണമാല്യം അണിയിച്ചത് സഹോദരി

“Manju”

കറ്റാനം: സ്വന്തം വിവാഹത്തിന് വീഡിയോ കോളിലൂടെ പങ്കെടുക്കേണ്ട അവസ്ഥ, ചിന്തിക്കാന്‍ പോലും പലര്‍ക്കുമാകില്ല. കാത്തിരുന്ന അസുലഭ നിമിഷം ഏറ്റവും ആഘോഷമാക്കാനേ ഏവരും ശ്രമിക്കൂ. സുജിത്തിനും അത് തന്നെയായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് എല്ലാം തകര്‍ത്തു. കോവിഡ് പിടിപെട്ടതോടെ സ്വന്തം വിവാഹത്തില്‍ സുജിത്ത് പങ്കെടുത്തത് വീഡിയോ കോളിലൂടെയാണ്. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ 11.30ന് ആയിരുന്നു വിവാഹം.
മൂന്ന് മാസം മുമ്പാണ് മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ വീട്ടില്‍ വി.ജി.സുധാകരന്റെയും രാധാമണിയുടെയും മകന്‍ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കല്‍ കൊച്ചുവീട്ടില്‍ വടക്കതില്‍ സുദര്‍ശനന്റെയും കെ.തങ്കമണിയുടെയും മകള്‍ എസ്.സൗമ്യയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാല്‍ കോവിഡ് പിടിപെട്ടതോടെ സുജിത്ത് ഐസൊലേഷന്‍ റൂമിലായി. ഒടുവില്‍ മണ്ഡപത്തിലെത്തിയ സൗമ്യയെ സുജിത്തിന്റെ സഹോദരി മഞ്ജു വരണമാല്യം അണിയിക്കുകയായിരുന്നു.
മുംബൈയിലെ ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് സുജിത്ത്. കുടുംബം മുംബൈയില്‍ സ്ഥിരതാമസമാണ്. മൂന്നാഴ്ച മുമ്ബാണ് ഇവര്‍ വിവാഹ ചടങ്ങിനായി നാട്ടില്‍ എത്തിയത്. കോവിഡ് പരിശോധനക്ക് ശേഷം നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുമ്ബ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസിറ്റീവ് ആവുകയായിരുന്നു. ക്വാറന്റീനില്‍ ആയതിനാല്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഇതോടെയാണ് നാട്ടിലുള്ള മഞ്ജുവിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. സുജിത്തിന്റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു.

Related Articles

Back to top button