IndiaLatestThiruvananthapuram

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം കൂടിയതായി പഠനം

“Manju”

ന്യൂഡല്‍ഹി: കൊവിഡ് ലോക്‌ഡൗണ്‍ കാലത്ത് രാജ്യത്തെ അതിസമ്പന്നരും പാവപ്പെട്ടവരും തമ്മിലെ സാമ്പത്തിക അന്തരം വര്‍ദ്ധിച്ചതായി പഠന റിപ്പോര്‍ട്ട്. നിത്യതൊഴില്‍ ചെയ്‌ത് ജീവിച്ചിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലിയും വരുമാനവും നഷ്‌ടമായെന്നും പ്രാഥമികമായ ആരോഗ്യകാര്യങ്ങള്‍ക്കു പോലും വഴിയില്ലാതെ നാളുകളോളം വിഷമിച്ചെന്നും എന്നാല്‍ അതിസമ്ബന്ന‌ര്‍ക്ക് 35 ശതമാനം അധിക വരുമാനം ലഭിച്ചെന്നും ഓക്‌സ്‌ഫാം എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വി‌റ്റ്സര്‍ലാന്റില്‍ നടക്കുന്ന ലോക സാമ്ബത്തിക ഫോറത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
‘അസമത്വ വൈറസ്’ എന്നാണ് റിപ്പോര്‍ട്ടിന് ഓക്‌സ്‌ഫാം നല്‍കിയിരിക്കുന്ന പേര്. രാജ്യത്തെ അതിസമ്പന്നര്‍ക്ക് 35 ശതമാനം വരുമാനം കൂടിയപ്പോള്‍ രാജ്യത്തെ 84 ശതമാനം കുടുംബങ്ങള്‍ക്കും വരുമാന നഷ്‌ടം ഉണ്ടായി. ഏപ്രില്‍ മാസത്തില്‍ മാത്രം മണിക്കൂറില്‍ 1.7 ലക്ഷം പേര്‍ക്ക് ജോലി നഷ്‌ടമായി. രാജ്യത്തെ ധനികരില്‍ ആദ്യ നൂറ് സ്ഥാനത്തുള‌ളവര്‍ക്കും വരുമാനം കൂടി. ഇന്ത്യയിലെ 138 കോടി ജനങ്ങള്‍ക്ക് 94045 രൂപയുടെ ചെക്ക് നല്‍കാവുന്നത്ര ധനമാണ് ഇവര്‍ക്ക് കുമിഞ്ഞുകൂടിയത്.
മുകേഷ് അംബാനി സമ്ബാദിച്ച പണം സമ്ബാദിക്കാന്‍ സാധാരണക്കാരനായ ഒരാള്‍ക്ക് 10,000 വര്‍ഷമെടുക്കും. ഒരു സെക്കന്റില്‍ റിലയന്‍സ് ഇന്റസ്‌ട്രീസ് നേടിയ സമ്പത്ത് നേടാന്‍ ഒരു പൗരന് മൂന്ന് വര്‍ഷം വേണം. ലോകത്ത് ഏ‌റ്റവും ദൃഢമായ ലോക്ഡൗണായിരുന്നു ഇന്ത്യയിലേത്. ഇതുമൂലം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയോ, പണമോ, ആഹാരമോ താമസിക്കാന്‍ ഇടമോ ഇല്ലാതെ അവര്‍ വഴിയിലായി. റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ ഇവര്‍ സ്വന്തംനാട്ടിലേക്ക് കിലോമീ‌റ്ററുകളോളം നടന്ന് പോകാന്‍ നിര്‍ബന്ധിതരായി. ഈ യാത്രകളില്‍ പലരും മരണപ്പെട്ടു. ഇത്തരം മരണങ്ങളെ കുറിച്ച്‌ യാതൊരു അറിവുമില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനത്തിനിടയാക്കി.
ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഇളവ് നല്‍കിയ ശേഷം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ നേരിട്ടുള‌ള പ്രഭാവം വളരെ കുറവായിരുന്നു. രണ്ട് ലക്ഷം കോടിയുടേത്, ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ ഒരുശതമാനം മാത്രമായിരുന്നു ഇതിന്റെ പ്രഭാവം.
കോടീശ്വരന്മാരുടെ സമ്ബത്ത് വര്‍ദ്ധിച്ചെങ്കിലും ഇവര്‍ ഒടുക്കേണ്ട നികുതിയില്‍ വെറും ഒരുശതമാനം മാത്രമാണ് വര്‍ദ്ധനയുണ്ടായത്. ആരോഗ്യ രംഗത്തും രാജ്യത്ത് കടുത്ത അസമത്വമാണ് ഉണ്ടായത്. ഒന്നോ രണ്ടോ മുറിയുള‌ള വീടുകളില്‍ കഴിയുന്ന ഗ്രാമീണ ഇന്ത്യയിലെ 32 ശതമാനത്തോളം ജനങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാനും, കൈകള്‍ കഴുകാനുമുള‌ള ആഹ്വാനം വലിയ ആര്‍ഭാടമായിരുന്നു.
എന്നാല്‍ ഇത് ഇന്ത്യയില്‍ മാത്രമുള‌ള ദയനീയാവസ്ഥയല്ലെന്നും ലോകമാകെ ഈ പ്രതിഭാസമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച്‌ 18 മുതല്‍ ഡിസംബര്‍ 31 വരെ 3.9 ലക്ഷംകോടി ഡോളര്‍ വര്‍ദ്ധനയാണ് ലോകത്തെ സമ്പന്നര്‍ക്കുണ്ടായത്. എന്നാല്‍ 20 കോടി മുതല്‍ 50 കോടി വരെ ജനങ്ങള്‍ കൊടും പട്ടിണിയിലുമായി. ലോകത്ത് പട്ടിണിയിലായവരുടെ രക്ഷയ്‌ക്കും അവരില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കാനും ആദ്യ പത്ത് അതിസമ്ബന്നരുടെ വര്‍ദ്ധിച്ച സ്വത്ത് മാത്രം മതിയാകുമെന്നും ഓക്‌സ്‌ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്‍പത് ലക്ഷത്തിന് മുകളില്‍ വരുമാനം സമ്പാദിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ രണ്ട് ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നും അമിത ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് താല്‍ക്കാലിക നികുതി കൊണ്ടുവരണമെന്നും സാധാരണ തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ പൗരന്മാര്‍ക്ക് തുല്യതയേറിയതും സുന്ദരവുമായ ഭാവിയ്‌ക്കായി സര്‍ക്കാര്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Back to top button